ഭീരുക്കള്‍ ചിദംബരത്തെ ലജ്ജാകരമായി വേട്ടയാടുന്നു;ചിദംബരത്തിന് ഉറച്ച പിന്തുണ നല്‍കും – പ്രിയങ്കാഗാന്ധി

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ അറസ്റ്റ് ഭീഷണി നേരിടുന്ന ചിദംബരത്തിന് ഉറച്ച പിന്തുണ നല്‍കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഭീരുക്കളാണ് ചിദംബരത്തെ വേട്ടയാടുന്നത്. എപ്പോഴും അദ്ദേഹത്തോടൊപ്പം ഉറച്ച് നില്‍ക്കുമെന്നും ട്വിറ്ററിലൂടെ പ്രിയങ്ക വ്യക്തമാക്കി.

സത്യം പറയുന്നത് ഭീരുക്കളെ ശല്യപ്പെടുത്തിക്കൊണ്ടേയിരിക്കും. അത് കൊണ്ടാണ് ഒരു ലജ്ജയുമില്ലാതെ അദ്ദേഹത്തെ വേട്ടയാടുന്നത്. സത്യത്തിനായി പോരാടുക തന്നെ ചെയ്യുമെന്നും പ്രിയങ്ക ട്വിറ്റില്‍ കുറിച്ചു.ധനകാര്യ മന്ത്രിയായും ആഭ്യന്തര മന്ത്രിയായും പതിറ്റാണ്ടുകള്‍ നമ്മുടെ രാജ്യത്തെ വിശ്വസ്തതയോടെ സേവിച്ചയാളാണ് ചിദംബരം.

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെയാണ് ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ സിബിഐ നടത്തി തുടങ്ങിയത്. ഇതിനിടെ ഇന്നലെയും അന്നുമായി മൂന്ന് തവണ ചിദംബരത്തെ തേടി സിബിഐയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും സംഘങ്ങള്‍ ചിദംബരത്തിന്റെ വസതിയിലെത്തിയിരുന്നു. ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് ചിദംബരം സുപ്രീംകോടതിയെ സമീപിച്ചിരുന്നു.