പ്രിയങ്കാ ഗാന്ധിയെ സ്‌കൂട്ടറില്‍ കൊണ്ടുപോയ കോണ്‍ഗ്രസ് പ്രവര്‍ത്തകന് ട്രാഫിക് പൊലീസിന്റെ പിഴ

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലാക്കപ്പെട്ട മുന്‍ ഐ.പി.എസ് ഓഫീസര്‍ എസ്.ആര്‍ ധാരാപുരിയുടെ വസതിയിലേക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയെ കഴിഞ്ഞ ദിവസം സ്‌കൂട്ടറില്‍ കൊണ്ടുപോയ കോണ്‍ഗ്രസ് പ്രവര്‍ത്തകന് ട്രാഫിക് പൊലീസിന്റെ പിഴ.

ഹെല്‍മെറ്റ് വെക്കാതെ ഇരുചക്രവാഹനം ഓടിച്ചതിനാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാവായ ധീരജ് ഗുജ്‌റാറിന് യു.പി പോലീസ് 6100 രൂപ പിഴ ചുമത്തിയിട്ടുള്ളത്.

രാജസ്ഥാനിലെ ജഹാസ്പൂര്‍ മുന്‍ എംഎല്‍എയായ ധീരജ് ഗുഹാറാണ് പ്രിയങ്കയുമായി സ്‌കൂട്ടറില്‍ പോയതെന്നാണ് വിവരം. രജ്ദീപ് സിങ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സ്‌കൂട്ടര്‍. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ധീരജ് ഗുജ്ജാറും പിന്നിലിരുന്ന പ്രിയങ്കയും ട്രാഫിക് നിയമം ലംഘിച്ചതായി ട്രാഫിക് പൊലീസ് കണ്ടെത്തി. ലൈസന്‍സിന് 2500 രൂപ, ഹെല്‍മെറ്റ് ധരിക്കാത്തതിന് 500 രൂപ, ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തതിന് 300 രൂപ, തെറ്റായ നമ്പര്‍ പ്ലേറ്റിന് 300 രൂപ, അമിത വേഗത്തിന് 2,500 രൂപ എന്നിങ്ങനെ കുറ്റങ്ങള്‍ക്കാണ് പിഴ ചുമത്തിയതെന്നാണ് വിവരം.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്തതിന് പൊലീസ് അറസ്റ്റു ചെയ്ത മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ എസ്.ആര്‍.ദരാപുരിയുടെ വീട് സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ശനിയാഴ്ചയാണ് പാര്‍ട്ടി പ്രവര്‍ത്തകന്റെ സ്‌കൂട്ടറിനു പിന്നില്‍ യാത്ര ചെയ്തത്. കാറില്‍ ദാരാപുരിയുടെ വീട്ടിലേക്കു പോയ പ്രിയങ്കയെ പൊലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് പാര്‍ട്ടി പ്രവര്‍ത്തകനൊപ്പം സ്‌കൂട്ടറില്‍ പോയത്.