വഴിയെ തടഞ്ഞ് യു.പി പൊലീസ്; കാറില്‍നിന്ന് ഇറങ്ങി നടന്ന് പ്രിയങ്ക ഗാന്ധി

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം ശക്തമായ ഉത്തര്‍പ്രദേശില്‍ യോഗിയുടെ പൊലീസ് രാജ് നടന്നിടങ്ങളില്‍ സന്ദര്‍ശനത്തിനെത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ റോഡില്‍ തടഞ്ഞ് യു.പി പൊലീസ്. കോണ്‍ഗ്രസ് പ്രവര്‍ത്തകയും ആക്ടിവിസ്റ്റും മുന്‍ ഐഎഎസ് ഓഫീസറുമായ സദഫ് ജഫാറിന്റെ ബന്ധുക്കളെ കാണാന്‍ പോകവെയായിരുന്നു പൊലീസ് നടപടി.

എന്നാല്‍ പാതി വഴിയെ നടുറോഡില്‍ പൊലീസ് തടഞ്ഞെങ്കിലും കാറില്‍ നിന്നും ഇറങ്ങിയ പ്രിയങ്ക ഗാന്ധി സദഫിന്റെ വീട്ടിലേക്ക് നടന്നു പോവുകയായിരുന്നു. പോലീസിനെ എതിര്‍ത്ത് മു്‌ന്നേറിയ പ്രയങ്കയുടെ രീതിയെ ജനങ്ങള്‍ മുദ്രാവാക്യം മുഴക്കിയാണ് വരവേറ്റത്.

ഞങ്ങളെ റോഡില്‍ നിര്‍ത്തുന്നതില്‍ ഇവര്‍ക്ക് ഒരു കാരണവും നിരത്താനില്ലെന്ന് വ്യക്തമാക്കിയ പ്രിയങ്ക, ഇത് എസ്പിജിയുടെ പ്രശ്‌നമല്ല യുപി പോലീസിന്റെ കളിയാണെന്നും പറഞ്ഞ് കാറില്‍ നിന്നും പുറത്തിറങ്ങി ലക്ഷ്യസ്ഥാനത്തേക്ക് നടക്കുകയായിരുന്നു. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് യു.പി പൊലീസ് അറസ്റ്റ് ചെയ്ത സദഫ് ജഫാറിന്റെ ബന്ധുക്കളെ കാണാനാണ് പോയത്. എന്നാല്‍ വഴിയെ പിന്‍തുടര്‍ന്ന പൊലീസ് പ്രിയങ്കയെ തടയുന്നുണ്ടായിരുന്നു.

ദാരാപുരിയുടെ കുടുംബത്തെ കാണാന്‍ പോകുമ്പോള്‍ യുപി പോലീസ് തന്നെ തടഞ്ഞതായും ബലംപ്രയോഗിച്ച് കൈകാര്യം ചെയ്തതായും പ്രിയങ്ക കുറ്റപ്പെടുത്തി. തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകന്റെ ഇരുചക്രവാഹനത്തില്‍ പോകുമ്പോള്‍ അവര്‍ വീണ്ടും എന്നെ വളഞ്ഞെന്നും അതിനുശേഷം താന്‍ നടന്നുപോവകയായിരുന്നെന്നും, പ്രിയങ്ക പറഞ്ഞു.

പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ കാണാന്‍ വരുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ ആദ്യമായല്ല യുപി പൊലീസ് തടയുന്നത്. നേരത്തെ സോണ്‍ഭദ്രയിലെ കുടുംബങ്ങളെ സന്ദര്‍ശിക്കുന്നതില്‍ നിന്ന് പ്രിയങ്ക ഗാന്ധിയെ പൊലീസ് തടഞ്ഞിരുന്നു. മീററ്റില്‍ കൊല്ലപ്പെട്ടവരുടം കുടുംബത്തെ സന്ദര്‍ശിക്കുന്നതില്‍ നിന്ന് രാഹുല്‍ ഗാന്ധിയേയും പ്രിയങ്കയേയും കഴിഞ്ഞ 24ന് പൊലീസ് രേഖപോലും കാണിക്കാതെ തടയുകയായിരുന്നു. തുടര്‍ന്ന് ഇന്ന് പൊലീസ് അതേനില തുടര്‍ന്നപ്പോളാണ് പ്രിയങ്ക എതിര്‍ത്ത് പ്രതികരിച്ചത്.

യുപിയില്‍ യോഗി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഗുണ്ടാരാജിനെതിരെ പോലിസ് സേനയേയും ബിജെപി വര്‍ഗീയവല്‍ക്കരിച്ചതായി പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരോട് പാകിസ്താനിലേക്ക് പോകാന്‍ മീററ്റ് എസ്പി അഖിലേഷ് എന്‍ സിങ് പറയുന്നതിന്റെ വീഡിയോ പങ്കുവച്ച പ്രിയങ്ക, ‘ഇത്തരം ഭാഷ ഉപയോഗിക്കാന്‍ ഇന്ത്യന്‍ ഭരണഘടന ഒരു പൗരനെയും അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കിയ പ്രിയങ്ക, ഉയര്‍ന്ന സ്ഥാനത്ത് ഇരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവാദിത്തം കൂടുതലാണെന്നും പറഞ്ഞു. ഭരണഘടനാ മൂല്യങ്ങളോട് ബഹുമാനമില്ലാതെ ഉദ്യോഗസ്ഥര്‍ പെരുമാറുന്ന വ്യവസ്ഥയിലേക്ക് ബിജെപി സ്ഥാപനങ്ങളെ വര്‍ഗീയമായി വിഷലിപ്തമാക്കിയതായും പ്രിയങ്ക ആരോപിച്ചു.