“അവരെ ഇതുപോലെ ഉപേക്ഷിക്കാന്‍ കഴിയില്ല”; കുടിയേറ്റ തൊഴിലാളികള്‍ക്കായി ആയിരം ബസുകളൊരുക്കി പ്രിയങ്ക ഗാന്ധി

ലക്‌നൗ: ഏതുവിധേനെയും നാട്ടിലെത്താനുള്ള പെടാപാടിനിടെ വഴിയില്‍ മരിച്ചുവീഴുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് വീടണയാന്‍ ആയിരം ബസുകളുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. യുപിയിലും മറ്റുമായി നാടുകളിലേക്കുള്ള യാത്രക്കിടെ റോഡ് അപകടങ്ങളില്‍ നിരവധി തൊഴിലാളികള്‍ക്ക് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ദുരിതമനുഭവിക്കുന്ന അതിഥി തൊഴിലാളികള്‍ക്ക് കരുതലുമായി യുപി കോണ്‍ഗ്രസ് രംഗത്തെത്തിയത്.

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കായി 1,000 ബസുകള്‍ ഓടിക്കാന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അനുമതി തേടി. അവരുടെ ആഭ്യന്തര യാത്രയുടെ ചെലവ് പാര്‍ട്ടി വഹിക്കുമെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പ്രിയങ്ക പറഞ്ഞു. യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു, നിയമസഭാ പാര്‍ട്ടി നേതാവ് ആധാരന മിശ്ര എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം പ്രിയങ്ക ഗാന്ധിയുടെ കത്ത് ലഖ്നൗ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൈമാറിയതായി ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് വക്താവ് അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഇതുവരെ 65 തൊഴിലാളികള്‍ വിവിധ അപകടങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പ്രിയങ്ക കത്തില്‍ ചൂണ്ടിക്കാട്ടി. അവര്‍ രാഷ്ട്ര നിര്‍മാതാക്കളാണ്, അവരെ ഇതുപോലെ ഉപേക്ഷിക്കാന്‍ കഴിയില്ല, ഉത്തര്‍പ്രദേശില്‍ നിന്നുള്ള ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് മടങ്ങിവരുന്നതായും പ്രിയങ്ക ഗാന്ധി പറഞ്ഞു.

”സര്‍ക്കാര്‍ തുടര്‍ച്ചയായ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടും, സുരക്ഷിതമായി മടങ്ങിവരുന്നതിനായി ശരിയായ ക്രമീകരണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല,” പ്രിയങ്ക കുറ്റപ്പെടുത്തി. കുടിയേറ്റ തൊഴിലാളികളെ സഹായിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണ്. ഇതില്‍ നിങ്ങള്‍ ഞങ്ങളെ സഹായിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതായും കോണ്‍ഗ്രസ് സെക്രട്ടറി കത്തില്‍ സൂചിപ്പിച്ചു.

ഗാസിപ്പൂര്‍ (ഗാസിയാബാദ്), നോയിഡ അതിര്‍ത്തികളില്‍ നിന്ന് 500 ബസുകള്‍ വീതം ഓടിക്കാനാണ് കോണ്‍ഗ്രസ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. ഇതിന്റെ മുഴുവന്‍ ചെലവുകളും അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി വഹിക്കുമെന്നും പ്രിയങ്ക പറഞ്ഞു. കുടിയേറ്റ തൊഴിലാളികളെ സഹായിക്കുന്നതിനായി 1,000 ബസുകള്‍ ഓടിക്കാനാണ് ഇപ്പോള്‍ ഞങ്ങള്‍ നിങ്ങളുടെ അനുമതി തേടുന്നതന്നും, പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശിലെ ഔറയ്യയില്‍ നടന്ന അപകടത്തില്‍ 24 കുടിയേറ്റ തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിരുന്നു. കുടിയേറ്റ തൊഴിലാളികള്‍ക്ക് അവരുടെ വീടുകളിലേക്ക് എത്താല്‍ സര്‍ക്കാര്‍ എന്തുകൊണ്ടാണ് സൗകര്യമൊരുക്കാത്തതെന്ന് പ്രിയങ്ക ചോദിച്ചു. ഒന്നുകില്‍ സര്‍ക്കാര്‍ ഒന്നും കാണുന്നില്ലെന്നും അല്ലെങ്കില്‍ എല്ലാം കണ്ടിട്ടും അറിയാത്തതുപോലെ നടിക്കുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. കുടിയേറ്റ തൊഴിലാളികളോട് സര്‍ക്കാര്‍ ഏറ്റവും കുറഞ്ഞത് മനുഷ്യത്വമെങ്കിലും കാണിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

അതേസമയം, ഡല്‍ഹിയില്‍ ദുരിതമനുഭവിക്കുന്ന അതിഥി തൊഴിലാളികളുമായി സംവദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും അവര്‍ക്ക് വാഹനസൗകര്യമൊരുക്കി ഡല്‍ഹി കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, ഇതിന് പിന്നാലെ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അനില്‍ ചൗധരിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിവാദമായിരിക്കുകയാണ്.