രാഹുല്‍ തന്നെ തുടരാന്‍ സാധ്യത; വൈകീട്ട് നാല് മണിക്ക് പ്രത്യേക യോഗം ചേരും

ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നു. ദേശീയ അധ്യക്ഷപദവി രാഹുല്‍ ഗാന്ധി രാജിവെച്ചേക്കില്ല. പകരം രാഹുല്‍ പദവി ഒഴിയാതെയുള്ള പാര്‍ട്ടിയുടെ ഉടച്ചുവാര്‍ക്കലിനാണ് കോണ്‍ഗ്രസ് നേതൃത്വം ഒരുങ്ങുന്നത്. കോണ്‍ഗ്രസ് പ്രതിസന്ധി നേരിടുന്ന ഈ വേളയില്‍ രാഹുല്‍ രാജിവെച്ചാല്‍ ഉപതെരഞ്ഞെടുപ്പുകളും നിയമസഭാ തെരഞ്ഞെടുപ്പുകളും വരാനിരിക്കെ പാര്‍ട്ടി നാഥനില്ലാതാവുമെന്ന് വാദം കണക്കിലെടുത്താണ് തീരുമാനം. രാഹുല്‍ മാറിയാല്‍ ഒരുപക്ഷേ പിന്നീട് ഒരു തിരിച്ചുവരവ് സാധ്യമായേക്കില്ല എന്ന് സോണിയ ഗാന്ധിയും സഹോദരി പ്രിയങ്കയും ഉപദേശിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം രാഹുല്‍ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ചക്ക് തയ്യാറായതായും റിപ്പോര്‍ട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധ്യക്ഷസ്ഥാനം രാജിവെക്കാനുള്ള തീരുമാനത്തില്‍ രാഹുല്‍ ഗാന്ധി ഉറച്ചുനിന്നതോടെ കോണ്‍ഗ്രസ് ഉന്നത നേതൃത്വം വീണ്ടും യോഗം ചേരുന്നു. ഇന്ന് വൈകീട്ട് നാല് മണിക്ക് രാഹുലിന്റെ വസതിയില്‍ വെച്ചാണ് യോഗം ചേരുക. അവസാന ശ്രമമെന്ന മട്ടില്‍ രാഹുലിനെ രാജിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുക എന്നതാണ് യോഗത്തിന്റെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകസഭയില്‍ കോണ്‍ഗ്രസ് നേതാവായി രാഹുല്‍ തുടരാനും പാര്‍ട്ടി അധ്യക്ഷ സ്ഥാനം വെച്ചുമാറാനും സാധ്യതയുണ്ട്. എന്നാല്‍ പ്രധാന നേതാക്കള്‍ പുതിയ ഫോര്‍മുല തയ്യാറാക്കിയതായും റിപ്പോര്‍ട്ടുണ്ട്. രാഹുല്‍ ഗാന്ധിയെ നിലനിര്‍ത്തി വര്‍ക്കിങ് പ്രസിഡന്റിനെ നിയമിക്കാനാണ് പുതിയ നീക്കം. രാഷ്ട്രീയ കാര്യങ്ങളും സംഘടനാ കാര്യങ്ങളും രണ്ടായി തിരിച്ചു മുന്നോട്ട് പോകും. രാഹുല്‍ ഗാന്ധി പാര്‍ട്ടി കാര്യങ്ങളില്‍ കൂടുതല്‍ ഇടപെടും. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനാകും രാഹുല്‍ പ്രധാന്യം നല്‍കുക.

രാജിവയ്ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം ബി.ജെ.പിയുടെ കെണിയില്‍ വീഴുന്നതിന് തുല്യമാണെന്ന് മുതിര്‍ന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവും വ്യക്തമാക്കിയിരുന്നു. രാഹുലിന് പകരം ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് വന്നാലും നിലവിലെ സ്ഥിതിയില്‍ മാറ്റം വരില്ലെന്നും പുതിയ നേതാവ് രാഹുലിന്റെയും ഗാന്ധികുടുംബത്തിന്റെയും ദാസ്യനാണെന്നാവും മോദിയും അമിത് ഷായും പ്രചരിപ്പിക്കുകയെന്നും ലാലു സൂചിപ്പിച്ചു. പുതിയ ആളെ പാവയാക്കി നിര്‍ത്തി രാഹുലും സോണിയയും പാര്‍ട്ടി ഭരിക്കുകയാണെന്ന പ്രചരണം ബിജെപിക്കാര്‍ അടുത്ത തെരഞ്ഞെടുപ്പ് വരെ അവര്‍ തുടരുമെന്നും ലാലു ഉപദേശം നല്‍കി.

അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിയുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രസ്താവന പുറത്തിറക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുണ്ടായ പരാജയം ചര്‍ച്ച ചെയ്യുന്നതിനായി ശനിയാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിക്കു ശേഷം മാധ്യമങ്ങളിലൂടെ അനാവശ്യമായ ഊഹാപോഹങ്ങളും, പല തരത്തിലുള്ള കിംവദന്തികളും, നുണകളും, കുത്സിതമായ അപവാദ പ്രചരണവുമാണ് നടക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തല്‍സ്ഥാനം രാജിവെക്കുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് പ്രസ്താവന പുറത്തിറക്കിയത്. അടച്ചിട്ട മുറിയില്‍ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന്റെ പവിത്രത മാധ്യമങ്ങളുള്‍പ്പെടെ മാനിക്കുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ പ്രചരിക്കുന്ന പലതും അനാവശ്യവും അപക്വവുമാണെന്നും പാര്‍ട്ടി പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. ഒരു പ്രത്യേക വ്യക്തിയുടെ കാര്യം ചര്‍ച്ച ചെയ്യാന്‍ വേണ്ടിയല്ല, പാര്‍ട്ടിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രകടനത്തെ മൊത്തത്തില്‍ ചര്‍ച്ച ചെയ്യാനും മുന്നോട്ടുള്ള പ്രയാണത്തിലെ വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാനുമായാണ് സി.ഡബ്ലു.സി വിളിച്ചു ചേര്‍ത്തതെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. അധ്യക്ഷ സ്ഥാനത്തു നിന്നും താന്‍ മാറുകയാണെന്നും മറ്റൊരാളെ പകരക്കാരനായി കണ്ടെത്തണമെന്നും രാഹുല്‍ പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടതായും പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.പിമാരെ കാണാന്‍ രാഹുല്‍ ഗാന്ധി തയാറായില്ലെന്നും ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. രാഹുലും, പ്രിയങ്കയും, യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയും പ്രവര്‍ത്തക സമിതിക്കു ശേഷം മാധ്യമങ്ങളെ കണ്ടിരുന്നില്ല. എന്നാല്‍ ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ പിന്നീട് കോണ്‍ഗ്രസ് നേതാക്കള്‍ പത്ര സമ്മേളനം നടത്തുകയും ചെയ്തിരുന്നു. അധ്യക്ഷ സ്ഥാനത്തു നിന്നും രാജിവെക്കാന്‍ രാഹുല്‍ സന്നദ്ധനായെങ്കിലും പ്രവര്‍ത്തക സമിതി ഐകകണ്‌ഠ്യേന അദ്ദേഹത്തിന്റെ രാജി തള്ളുകയായിരുന്നെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ് അധ്യക്ഷനെ ചുറ്റിപ്പറ്റി മാധ്യമങ്ങള്‍ പല തരത്തിലുള്ള വാര്‍ത്തകളും മെനഞ്ഞത്. ആശയപരമായ പോരാട്ടത്തില്‍ രാഹുല്‍ തന്നെ കോണ്‍ഗ്രസിനെ നയിക്കുമെന്നും രാജ്യത്തെ യുവജനങ്ങള്‍, കര്‍ഷകര്‍, എസ്.സി, എസ്.ടി, ഒ.ബി.സി, ന്യൂനപക്ഷങ്ങള്‍, പാവപ്പെട്ടവര്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ എന്നിവരുടെ അവകാശത്തിനു വേണ്ടി രാഹുല്‍ നേതൃത്വം നല്‍കുമെന്നും സി.ഡബ്ലു.സി പ്രമേയം പാസാക്കിയതായും പ്രവര്‍ത്തക സമതിക്കു ശേഷം നേതാക്കള്‍ അറിയിച്ചിരുന്നു.