രാമക്ഷേത്രം; പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനയോട് വിയോജിപ്പെന്ന് മുസ്‌ലിംലീഗ്

മലപ്പുറം: രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനയോട് വിയോജിപ്പ് രേഖപ്പെടുത്തി മുസ്‌ലിംലീഗ്. പാണക്കാട് ചേര്‍ന്ന മുസ്‌ലിംലീഗ് യോഗത്തിലാണ് തീരുമാനം.

പ്രിയങ്കയുടെ പ്രസ്താവന അസ്ഥാനത്താണ്. ഇതുമായി ബന്ധപ്പെട്ട് ഒരു ധ്രുവീകരണത്തിന് പാര്‍ട്ടി ആഗ്രഹിക്കുന്നില്ലെന്നും മുസ്‌ലിംലീഗ് അറിയിച്ചു. 1992ല്‍ ബാബരി മസ്ജിദ് തകര്‍ന്ന സമയത്ത് കൈകൊണ്ട അതേ നിലപാട് തന്നെയാണ് പാര്‍ട്ടിക്ക് ഇപ്പോഴുമുള്ളത്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അന്ന് കൈകൊണ്ട അതേ തീരുമാനത്തിന്റെ ബാക്കിപത്രം തന്നെയാണ് ഈ വിഷയത്തിലുമുള്ളതെന്നും നേതാക്കള്‍ പ്രതികരിച്ചു.

ഇന്ത്യന്‍ മതേതരത്വത്തിന് ഏറ്റവും മുറിവേറ്റ സമയമായിരുന്നു ബാബരി മസ്ജിദ് തകര്‍ത്ത നാളുകളില്‍ ഉണ്ടായിരുന്നത്. അന്ന് മുസ്‌ലിംലീഗ് എടുത്ത നിലപാട് ഇന്ത്യന്‍ മതേതരത്വത്തെ ബലപ്പെടുത്തുന്ന ഒന്നായിരുന്നു. ശിഹാബ് തങ്ങള്‍ കാണിച്ച ആ പാതയില്‍ തന്നെ പാര്‍ട്ടി ഉറച്ചു നില്‍ക്കുന്നുവെന്നും നേതാക്കള്‍ പറഞ്ഞു.

യോഗത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, മുസ്‌ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍ എംപി, കെപിഎ മജീദ്, പിവി അബ്ദുല്‍ വഹാബ് എംപി പങ്കെടുത്തു.