‘പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച് ജയിലിലായവര്‍ക്ക് നിയമസഹായം നല്‍കും’;പ്രിയങ്ക ഗാന്ധി

ലക്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അറസ്റ്റു ചെയ്ത പൗരാവകാശ പ്രവര്‍ത്തകരെ കാണാന്‍ ഐഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാരണാസിയില്‍ എത്തി. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെയും പൗരാവകാശ പ്രവര്‍ത്തകരെയും കാണാനായാണ് പ്രിയങ്ക വാരണാസിയിലെത്തിയത്.

ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍, പൗരാവകാശ പ്രവര്‍ത്തകര്‍, പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പ്രതിഷേധിച്ച മറ്റുള്ളവര്‍ തുടങ്ങിയവരുമായി പ്രിയങ്ക കൂടിക്കാഴ്ച നടത്തി. സി.എ.എക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ ജയിലിലടക്കപ്പെട്ടവര്‍ക്കൊപ്പമാണ് എന്റെ പാര്‍ട്ടിയെന്ന് പ്രിയങ്കഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഈ കേസുകള്‍ ഇല്ലാതാക്കും. അതേസമയം, ഇപ്പോള്‍ കേസ് നടത്തുന്നതിനാവശ്യമായ നിയമസഹായം കോണ്‍ഗ്രസ് ചെയ്യും. ജനാധിപത്യ വിരുദ്ധമായ നിയമമാണ് ബി.ജെ.പി പാസാക്കിയിരിക്കുന്നത്. എന്‍.ആര്‍.സിയും രാജ്യത്തിന്റെ ഭരണഘടനയ്ക്ക് വിരുദ്ധമാണ്. രാജ്യത്തിന്റെ ജനാധിപത്യവും ഭരണഘടനയും ശക്തിപ്പെടുത്തുന്നതിന് കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്നു പ്രിയങ്കഗാന്ധി കൂട്ടിച്ചേര്‍ത്തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ എല്ലാ പ്രതിഷേധങ്ങളുടെയും മുന്നില്‍ നിന്ന വ്യക്തിയാണ് പ്രിയങ്ക ഗാന്ധി. പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതുമുതല്‍, അക്രമത്തില്‍ കൊല്ലപ്പെട്ടവരോ പരുക്കേറ്റവരോ ആയവരുടെ ബന്ധുക്കളെ പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചിരുന്നു. അവര്‍ അടുത്തിടെ മീററ്റ്, മുസാഫര്‍നഗര്‍ എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ സദാഫ് ജാഫറിന്റെയും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ എസ് ആര്‍ ദാരാപുരിയുടെയും കുടുംബാംഗങ്ങളെ അവര്‍ സന്ദര്‍ശിച്ചിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ മീററ്റ് എസ്പി അഖിലേഷ് എന്‍.സിങ് പറയുന്നതിന്റെ വീഡിയോ പങ്കുവച്ച പ്രിയങ്ക ഗാന്ധി, പൊലീസ് സേനയെ വര്‍ഗീയവല്‍ക്കരിക്കാനാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വിമര്‍ശിച്ചിരുന്നു.

SHARE