ഡല്‍ഹിയിലെ സര്‍ക്കാര്‍ വസതി ഒഴിയുന്നതിന് മുമ്പായി ബിജെപി നേതാവിനെ എംപിയെ സല്‍ക്കാരത്തിന് ക്ഷണിച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സര്‍ക്കാര്‍ വസതി ഒഴിയുന്നതിന് മുമ്പായി ബംഗ്ലാവ് അനുവദിച്ച ബിജെപി നേതാവ് എംപിയെ സല്‍ക്കാരത്തിന് ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പ്രിയങ്ക താമസിച്ചിരുന്ന ലോധി എസ്റ്റേറ്റിലെ 35ാം നമ്പര്‍ വസതി പുതുതായി അനുവദിച്ചിരിക്കുന്ന ബിജെപി എംപി അനില്‍ ബലൂണിയേയും ഭാര്യയേയും ചായ സല്‍ക്കാരത്തിന് പ്രിയങ്ക ക്ഷണിച്ചിരിക്കുന്നത്.

1997 മുതല്‍ പ്രിയങ്ക ഗാന്ധി ഇവിടെയാണ് താമസിക്കുന്നത്. സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) സംരക്ഷണം ആഭ്യന്തര മന്ത്രാലയം പിന്‍വലിച്ചതിനെത്തുടര്‍ന്ന് ഈ വസതി ഒഴിയാന്‍ ഭവന, നഗരകാര്യ മന്ത്രാലയം പ്രിയങ്കയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഓഗസ്റ്റ് ഒന്നിന് മുമ്പായി ഒഴിയണമെന്നാണ് നിര്‍ദേശം. ഇതിന് പിന്നാലെയാണ് താമസം ഒഴിയുന്നതിന് മുമ്പായി പുതിയ താമസക്കാരെ പ്രിയങ്ക ചായക്ക് ക്ഷണിച്ചിരിക്കുന്നത്. കത്തിലൂടെയും ഫോണിലൂടെയുമാണ് പ്രിയങ്ക ക്ഷണം നടത്തിയെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല.

സര്‍ക്കാര്‍ ബംഗ്ലാവില്‍ നിന്നൊഴിഞ്ഞാല്‍ പ്രിയങ്ക തൽക്കാലം ഗുരുഗ്രാമിലെ സ്വന്തം വീട്ടിൽ താമസിക്കുകയും അതിനുശേഷം ന്യൂഡൽഹിയിലേക്ക് മടങ്ങിവരുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്കും മക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കയ്ക്കുമുള്ള ഇസ്ഡ് കാറ്റഗറി സുരക്ഷ കേന്ദ്രം പിന്‍വലിച്ചിരുന്നു. സെപ്ഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ചട്ടങ്ങള്‍ സര്‍ക്കാര്‍ മാറ്റിയെഴുതിയതിനെ തുടര്‍ന്നാണ് ഇവര്‍ സുരക്ഷാ വലയത്തിന് പുറത്തായത്. 1991-ല്‍ മുന്‍ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധി എല്‍ടിടിഇയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടശേഷം മൂവരും എസ് പി ജിയുടെ സുരക്ഷയിലായിരുന്നു.

അതേസമയം രാജ്യതലസ്ഥാനത്തെ ബംഗ്ലാവ് ഒഴിയാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതോടെ ഉത്തര്‍പ്രദേശ് കേന്ദ്രീകരിച്ചുള്ള പ്രിയങ്കയുടെ പ്രവര്‍ത്തനം ശക്തമാവുമെന്ന ആശങ്കയിലാണ് ഭരണപക്ഷം. കേന്ദ്ര നടപടി കോണ്‍ഗ്രസിന് ഭാഗ്യമാണെന്നും ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി തട്ടകം യുപിയിലേക്ക് മറ്റുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ആഗസ്റ്റ് ഒന്നിനകം സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയമാണ് പ്രിയങ്ക ഗാന്ധിക്ക് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക, ഡല്‍ഹിയിലെ ബംഗ്ലാവ് ഒഴിയുന്നതോടെ ലഖ്നൗവിലേക്ക് താമസം മാറുമെന്നാണ് വിവരം. ലഖ്നൗവിലെ കൗള്‍ ഹൗസിലേക്ക് പ്രിയങ്ക താമസം മാറുമെന്നുമുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ മാമി ഷീല കൗളിന്റെ വസതിയാണിത്. ഇവര്‍ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായിരുന്നു. നിലവില്‍ പ്രിയങ്ക യുപിയിലെത്തുമ്പോള്‍ തങ്ങാറുള്ളത് കൗള്‍ ഹൗസിലാണ്. ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനാണ് പ്രിയങ്കയുടെ തീരുമാനം. 2022ലാണ് യുപി നിയമസഭാ തെരഞ്ഞെടുപ്പ്.

കഴിഞ്ഞ ഒരു വര്‍ഷമായി യുപി രാഷ്ട്രീയത്തില്‍ പ്രിയങ്ക സജീവമായി ഇടപെടുന്നുണ്ട്. കുടിയേറ്റക്കാരുടെ പ്രശ്നത്തിലും സോന്‍ഭദ്ര കൂട്ടക്കൊല നടന്നപ്പോഴുമെല്ലാം പ്രിയങ്കയുടെ ഇടപെടല്‍ ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. 
കൊവിഡ്-19 പ്രതിസന്ധികള്‍ക്കിടയിലും പൗരത്വഭേഗഗതി നിയമ പ്രക്ഷോഭകര്‍ക്കെതിരെയുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി തുടരുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ മോധാവി ഷാനവാസ് ആലം അറസ്റ്റിലായിരുന്നു. എന്നാല്‍ പൊലീസിനെ ഉപയോഗിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രിയങ്കാഗാന്ധി രൂക്ഷമായി പ്രതികരിച്ചിരുന്നു. സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നവരെ അടിച്ചമര്‍ത്താനുള്ള ഒരു ഉപകരണമാക്കി പൊലീസിനെ മാറ്റുന്നുവെന്നായിരുന്നു പ്രിയങ്കയുടെ ആരോപണം.

നേരത്തെ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുനെ നാല് ആഴ്ച്ചയോളം ജയിലില്‍ വെച്ചിരുന്നു. വ്യാജ വാര്‍ത്തകള്‍ ചമച്ചാണ് ലല്ലുവിനെ തടങ്കലില്‍ വെച്ചതെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം. ഇത്തരം പൊലീസ് നടപടികള്‍ ഭരണഘടനാ വിരുദ്ധമാണെന്നു കോണ്‍ഗ്രസിന്റെ പട്ടാളക്കാരെ വ്യാജ വാര്‍ത്തകള്‍ കൊണ്ടോ പൊലീസ് ലാത്തിചാര്‍ജ് കൊണ്ടോ അടിച്ചമര്‍ത്താന്‍ കഴിയില്ലെന്ന് പ്രിയങ്ക ആവര്‍ത്തിച്ചു.

നേരത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതിഥി തൊഴിലാളികളെ സ്വന്തം ഗ്രാമങ്ങളിലേക്ക് എത്തിക്കുന്നതിനായി പ്രിയങ്കയുടെ നേതൃത്വത്തില്‍ ബസുകള്‍ ഏര്‍പ്പാടാക്കിയിരുന്നു. എന്നാല്‍ ഈ ഉദ്യമത്തിനായി കോണ്‍ഗ്രസ് വ്യാജ രേഖകള്‍ ചുച്ചുവെന്നാരോപിച്ചായാരുന്നു ലല്ലുവിനെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത്. യോഗി സര്‍ക്കാരിന്റെ വീഴ്ചയും വര്‍ഗീയതുയം അഴിമതിയുമെല്ലാമാണ് പ്രിയങ്ക നിരന്തരം ഉന്നയിക്കുന്ന വിഷയങ്ങള്‍. ഇതാകട്ടെ യോഗി സര്‍ക്കാരിന് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്.