പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തില്‍; എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമനം

ന്യൂഡല്‍ഹി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പ്രിയങ്ക ഗാന്ധി വാദ്ര സജീവ രാഷ്ട്രീയത്തില്‍. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെയും മകളായ പ്രിയങ്കയെ ഉത്തര്‍പ്രദേശ് ഈസ്റ്റിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി നിയമിച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അശോക് ഗെഹലോട്ട് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് പ്രിയങ്കയുടെ ചുമതല വ്യക്തമാക്കുന്നത്. കര്‍ണാടകയുടെ ചുമതലയുണ്ടായിരുന്ന ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ അതേസ്ഥാനം നിലനിര്‍ത്തിക്കൊണ്ടുതന്നെ എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്.

ഈ വര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ നിന്ന് സോണിയ ഗാന്ധിക്കു പകരം പ്രിയങ്ക ഗാന്ധി ജനവിധി തേടിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം. ഫെബ്രുവരി ആദ്യവാരത്തില്‍ ചുമതല ഏറ്റെടുക്കാന്‍ പ്രിയങ്കയോട് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും സഹോദരനുമായ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്.

1972-ല്‍ ജനിച്ച പ്രിയങ്ക സജീവ രാഷ്ട്രീയത്തിലിറങ്ങുമെന്ന് പലതവണ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അവര്‍ വിട്ടുനില്‍ക്കുകയാണുണ്ടായത്. നിലവില്‍ രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ട്രസ്റ്റി ആയ അവര്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രതിനിധീകരിക്കുന്ന റായ്ബറേലി, അമേഠി മണ്ഡലങ്ങള്‍ സന്ദര്‍ശിച്ച് ജനങ്ങളുമായി നേരിട്ട് ഇടപഴകാറുണ്ട്. വിവിധ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ അവര്‍ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സഹായിച്ചിട്ടുണ്ട്. ബുദ്ധിസ്റ്റ് സ്റ്റഡീസില്‍ എം.എ ചെയ്ത അവര്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിരുന്നു.

ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം വിഷമിക്കുന്ന സോണിയ ഗാന്ധി റായ്ബറേലിയില്‍ ദ്വിദിന സന്ദര്‍ശനം നടത്തുന്നതിനിടയിലാണ് പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം.