പ്രിയങ്കയെ ഒഴിപ്പിച്ചു; അദ്വാനിക്കും ജോഷിക്കും സര്‍ക്കാര്‍ ബംഗ്ലാവിലെ താമസം നീട്ടി നല്‍കി മോദി സര്‍ക്കാര്‍!

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ബംഗ്ലാവ് അനുവദിക്കുന്നതില്‍ ഇരട്ടത്താപ്പ് നയം സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയോട് ഒഴിയാന്‍ ആവശ്യപ്പെട്ടപ്പോള്‍ ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും ബംഗ്ലാവുകളില്‍ താമസിക്കാനുള്ള കാലാവധി നീട്ടി നല്‍കി.

എസ്.പി.ജി സുരക്ഷയില്ലാത്തതിനാല്‍ സര്‍ക്കാര്‍ ബംഗ്ലാവ് അനുവദിക്കാനാവില്ല എന്നാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധിക്ക് കഴിഞ്ഞ ദിവസം നഗരകാര്യ മന്ത്രാലയം നല്‍കിയ നോട്ടീസില്‍ പറയുന്നത്. എന്നാല്‍ പാര്‍ലമെന്റില്‍ ഒരു പദവിയും വഹിക്കാത്ത എസ്.പി.ജി സുരക്ഷയില്ലാത്ത അദ്വാനിയോടും ജോഷിയോടും സര്‍ക്കാര്‍ വസതി ഒഴിയാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല. അദ്വാനിക്ക് ജീവിതകാലം മുഴുവന്‍ സര്‍ക്കാര്‍ ചെലവില്‍ താമസസൗകര്യം നല്‍കുമ്പാള്‍ മുരളി മനോഹര്‍ ജോഷിക്ക് 2022 വരെ താമസിക്കാം. ഇരുവരുടേയും എസ്.പി.ജി സുരക്ഷ കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ പിന്‍വലിച്ചിരുന്നു.

1997 മുതല്‍ താമസിച്ചിരുന്ന ലോധി എസ്‌റ്റേറ്റിലെ വസതി ഒഴിയാനാണ് പ്രിയങ്കയോട് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഒരു മാസത്തിനകം വീടൊഴിയണം എന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. സര്‍ക്കാര്‍ ബംഗ്ലാവ് ആണെങ്കിലും പ്രിയങ്ക ഇതിന്റെ വാടക നല്‍കുന്നുണ്ട്.

2019ല്‍ ഗാന്ധി കുടുംബത്തിന് നല്‍കുന്ന എസ്.പി.ജി സുരക്ഷ കേന്ദ്രം പിന്‍വലിച്ചിരുന്നു. ഇതിനൊപ്പം അദ്വാനി ജോഷിയുടേയും സുരക്ഷയും പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് പ്രിയങ്കയോട് ബംഗ്ലാവ് ഒഴിയാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഈ നിബന്ധന എല്‍.കെ അദ്വാനിയുടേയും മുരളി മനോഹര്‍ ജോഷിയുടേയും കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ബോധപൂര്‍വം മറന്നുവെന്നാണ് ഓണ്‍ലൈന്‍ മാദ്ധ്യമമായ ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേന്ദ്രസര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയ പക പോക്കലിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചിരുന്നു.