‘പ്രധാനമന്ത്രി സംസാരിക്കേണ്ടത് സിനിമാ നടനോടല്ല, കര്‍ഷകരോട്’; പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബോളിവുഡ് നടന്‍ അക്ഷയ്കുമാറുമായുള്ള അഭിമുഖത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എഐസിസി അധ്യക്ഷ പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി സംസാരിക്കേണ്ടത് കര്‍ഷകരോടാണ്, അല്ലാതെ സിനിമാ താരങ്ങളോടല്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നുഘട്ടങ്ങള്‍ പിന്നിട്ട സന്ദര്‍ഭത്തിലാണ് മോദിയുടെ അഭിമുഖം പുറത്തുവരുന്നത്.

നാല് മണിക്കൂറില്‍ കൂടുതല്‍ സമയം ഉറങ്ങാറില്ലെന്ന് അഭിമുഖത്തില്‍ മോദി പറഞ്ഞിരുന്നു. കൂടുതല്‍ സമയം ഉറങ്ങണമെന്ന് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബരാക് ഒബാമ ഉള്‍പ്പെടെ പലരും തന്നോട് ഉപദേശിച്ചിട്ടുണ്ടെന്നും മോദി അഭിമുഖത്തില്‍ പറഞ്ഞു. മമത ബാനര്‍ജി ഉള്‍പ്പെടെ പ്രതിപക്ഷനേതാക്കള്‍ പലരും അടുത്ത സുഹൃത്തുക്കളാണ്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ കുര്‍ത്ത മമത അയച്ചുതരാറുണ്ട്. രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കലിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. വിരമിക്കേണ്ടിവരുമ്പോള്‍ എന്തെങ്കിലും ഒരു ഉദ്യമം ഏറ്റെടുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

മാധ്യമങ്ങളോട് പ്രതികരിക്കാറില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ അക്ഷയ്കുമാറുമൊത്തുള്ള അഭിമുഖം പുറത്തുവരുന്നത്. അതേസമയം, പ്രധാനമന്ത്രിയുടെ അഭിമുഖത്തില്‍ വിമര്‍ശനവുമായി രണ്‍ദീപ് സിംങ് സുര്‍ജേവാലയും രംഗത്തെത്തി. രാഷ്ടീയത്തില്‍ പരാജയപ്പെട്ട മോദി സിനിമാ അഭിനയത്തിന് തയ്യാറെടുക്കുന്നുവെന്നായിരുന്നു സുര്‍ജേവാലയുടെ പ്രതികരണം.