മോദിക്കെതിരെ വീണ്ടും പ്രിയങ്ക; അഞ്ചു വര്‍ഷം എന്തു ചെയ്‌തെന്ന് പറയൂ

വരാണസി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ച് വീണ്ടും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പഴകിദ്രവിച്ച ആരോപണങ്ങളുമായാണ് ബി.ജെ.പി ഇപ്പോഴും തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് പ്രിയങ്ക പരിഹസിച്ചു. എഴുപത് വര്‍ഷത്തെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ ഉന്നയിച്ചാണ് മോദി ഇപ്പോഴും വോട്ടു തേടുന്നത്. ഈ ചോദ്യങ്ങള്‍ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞവയാണ്. 2014ലെ തെരഞ്ഞെടുപ്പിലും മോദി ഇതു തന്നെയാണ് ചോദിച്ചത്. ഇനി കഴിഞ്ഞ അഞ്ചു വര്‍ഷം നിങ്ങള്‍ എന്തു ചെയ്‌തെന്ന് പറയൂവെന്നും പ്രിയങ്ക മോദിയോട് പറഞ്ഞു. മോദിയുടെ മണ്ഡലമായ വരാണസിയില്‍ നടക്കുന്ന ത്രിദിന ഗംഗാ പ്രയാണ ക്യാമ്പയിന്റെ രണ്ടാം ദിനത്തില്‍ സിതാമാര്‍ഹിയില്‍ കോണ്‍ഗ്രസ് ബൂത്തു പ്രവര്‍ത്തകരുമായി സംവദിക്കുകയായിരുന്നു അവര്‍.

രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധിക്ക് ബി.ജെ.പി ഭൂതകാലത്തെ കുറ്റം പറഞ്ഞതുകൊണ്ട് കാര്യമില്ല. മോദി ഭരണത്തില്‍ രാജ്യത്തെ ജനങ്ങള്‍ അസംതൃപ്തരാണ്. ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ഒരാള്‍ പോലും ഈ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തരല്ല. കര്‍ഷകര്‍, യുവാക്കള്‍, സാധാരണക്കാര്‍…, ആരും സന്തുഷ്ടരല്ല. അവര്‍ ഒരുമിച്ചു നിന്നാല്‍ 2019ല്‍ മാറ്റം സംഭവിക്കും. ജനം മാറ്റം ആഗ്രഹിക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞു. പ്രയാഗ്‌രാജ് മുതല്‍ വരാണസി വരെ ഗംഗാ നദിയിലൂടെ ബോട്ട് യാത്ര നടത്തിയാണ് പ്രിയങ്ക ഉത്തര്‍പ്രദേശ് ജനതയുടെ മനം കവരുന്നത്.

പ്രധാന കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയുള്ള യാത്രക്കിടെ, തീര മേഖലയിലെ ജനവാസ കേന്ദ്രങ്ങളില്‍ കാല്‍ നടയായി എത്തിയും അവര്‍ ജനങ്ങളോട് നേരിട്ട് സംവദിക്കുന്നുണ്ട്. എല്ലായിടങ്ങളിലും കോണ്‍ഗ്രസിന്റെ ബൂത്ത് പ്രവര്‍ത്തകരേയും പ്രിയങ്ക നേരില്‍ കാണുന്നുണ്ട്. കോണ്‍ഗ്രസിനെ താഴെ തട്ടില്‍ ശക്തിപ്പെടുത്തുന്നതിന് കഠിനാധ്വാനം ചെയ്യണമെന്ന് ബദോഹിയില്‍ ബൂത്ത് പ്രവര്‍ത്തകരോട് സംസാരിക്കവെ പ്രിയങ്ക പറഞ്ഞു. ബദോഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ, ഉത്തര്‍പ്രദേശില്‍ വന്‍ വികസനം നടന്നുവെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അവകാശ വാദങ്ങളേയും പ്രിയങ്ക തള്ളിക്കളഞ്ഞു. ഒരാള്‍ പോലും സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തിയുള്ളതായി തന്നോട് പറഞ്ഞിട്ടില്ല. എല്ലാ ജനങ്ങളും നിരാശരാണ് – പ്രിയങ്ക പറഞ്ഞു.