‘അമിത് ഷാ ഇന്ത്യക്ക് നിങ്ങളോട് വെറുപ്പാണ്’; രൂക്ഷ വിമര്‍ശനവുമായി പ്രിയങ്കഗാന്ധി

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ തുടരുന്ന സംഘര്‍ഷങ്ങളില്‍ കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധി. രാജ്യത്ത് ഇത്രയും മോശക്കാരനായ ഒരു ആഭ്യന്തരമന്ത്രി ഉണ്ടായിട്ടില്ലെന്ന് പ്രിയങ്കഗാന്ധി പറഞ്ഞു.

‘ജെഎന്‍യു ആക്രമണം, ജാമിഅ മില്ലിയയിലെ അതിക്രമം, പൊലീസിന്റെ സാന്നിധ്യത്തിലുള്ള വെടിവെപ്പ്, പൊലീസിന്റെ കല്ലേറ്, വര്‍ഗ്ഗീയ മുദ്രാവാക്യങ്ങള്‍, ഡല്‍ഹിയിലെ നിരന്തര കലാപങ്ങള്‍, ഡല്‍ഹി കത്തുന്ന സ്ഥിതി-ഇക്കാര്യങ്ങളെ തടയുന്നതിനോ നിയന്ത്രിക്കാനോ അമിത്ഷാക്ക് കഴിയുന്നില്ല. നിയമസംവിധാനം പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്. അമിത്ഷായില്‍ നിന്ന് ഇനിയെന്താണ് നമ്മള്‍ പ്രതീക്ഷിക്കേണ്ടത്. രാജ്യം കണ്ട ഏറ്റവും മോശപ്പെട്ട ആഭ്യന്തരമന്ത്രിയാണ് അമിത്ഷാ’-പ്രിയങ്കഗാന്ധി പറഞ്ഞു.

അതേസമയം, സംഘര്‍ഷത്തില്‍ മരണം പതിനെട്ടായി. ഇന്ന് മാത്രം അഞ്ച് പേരാണ് മരിച്ചത്. 48 പോലീസുകാര്‍ ഉള്‍പ്പെടെ 180 ലേറെ പേര്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. ഇതില്‍ 70 പേര്‍ക്ക് വെടിയേറ്റാണ് പരിക്കേറ്റത്. നിരവധി പേരുടെ നില അതീവ ഗുരുതരമാണ്.

ഗോകുല്‍പുരിയില്‍ ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്. അക്രമികള്‍ കടകള്‍ക്ക് തീയിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പ്രശ്‌ന ബാധിത പ്രദേശങ്ങള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സന്ദര്‍ശിച്ചു. ഇന്നലെ രാത്രിയാണ് ഇദ്ദേഹം പ്രശ്‌നബാധിത മേഖലകളിലെത്തി സാഹചര്യം വിലയിരുത്തിയത്. സീമാപുരിയില്‍ എത്തി അജിത് ഡോവല്‍ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി.

ഇന്നലെ രാത്രി മൂന്നാമതും അമിത് ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. യോഗം മൂന്നു മണിക്കൂറോളം നീണ്ടു. ഡല്‍ഹി പോലീസും ആഭ്യന്തരവകുപ്പ് ഉന്നതരും യോഗത്തില്‍ പങ്കെടുത്തു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ക്രമസമാധാന ചുമതലയുള്ള സ്‌പെഷല്‍ കമ്മീഷണറായി നിയമിച്ച എസ് എന്‍ ശ്രീവാസ്തവയും യോഗത്തില്‍ പങ്കെടുത്തു.

അതേസമയം, ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ കേന്ദ്രസേനയെയും രംഗത്തിറക്കിയിട്ടുണ്ട്. ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്കു ബുധനാഴ്ച അവധി ആയിരിക്കും. ഡല്‍ഹി വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ അഭ്യര്‍ഥന മാനിച്ച് ഫെബ്രുവരി 26ന് നടക്കേണ്ട സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ പരീക്ഷകള്‍ മാത്രമാണ് മാറ്റിയതെന്നാണ് സിബിഎസ്ഇ വ്യക്തമാക്കിയത്.