അക്രമിയായ യോഗിക്ക് ചേരുന്ന വേഷമല്ല സന്യാസം; യു.പി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക

ലഖ്‌നൗ: പൗരത്വ ഭേദഗതി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശ് പൊലീസിന്റെ ചെയ്തികളെ ന്യായീകരിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ അവര്‍, ഹിംസാത്മക പ്രവൃത്തികള്‍ ചെയ്യുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സന്യാസി വേഷം ചേരില്ലെന്നും പറഞ്ഞു.

‘തന്റെ സുരക്ഷയേക്കാള്‍ വലുത് ജനങ്ങളുടെ സുരക്ഷയാണ്. ഉത്തര്‍പ്രദേശ് പോലീസിന്റെ ചെയ്തികളെ ന്യായീകരിക്കാനാവില്ല. ബിജ്‌നോറില്‍ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തെ പോലീസ് ഭീഷണിപ്പെടുത്തി. സംഘര്‍ഷത്തെ കുറിച്ച് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണം,’ എന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരപരാധികളെയാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നതെന്ന് അവര്‍ ആരോപിച്ചു. പ്രതിഷേധവുമായി യാതൊരു ബന്ധവുമില്ലാത്തവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അതിനാല്‍ തന്നെ പൊലീസ് നടപടിക്കെതിരെ ശക്തമായ അന്വേഷണം ആവശ്യമാണെന്ന് അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ലഖ്‌നൗവില്‍ നടന്ന പൊലീസ് മര്‍ദ്ദനവുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിച്ച പ്രിയങ്ക ഗാന്ധി, രാജ്യത്തെ പൗരന്മാരുടെ സുരക്ഷയെ കുറിച്ചാണ് സംസാരിക്കുന്നത്. അതിനേക്കാള്‍ വലുതല്ല തന്റെ സുരക്ഷയെന്നും പറഞ്ഞു. ഇന്ത്യയില്‍ ശത്രുതക്കും അക്രമത്തിനും പകപോക്കലിനും സ്ഥാനമില്ലെന്നും അവര്‍ വ്യക്തമാക്കി.

ലഖ്‌നൗവിലെത്തിയ തന്നെ പൊലീസ് മര്‍ദ്ദിച്ചെന്ന് പ്രിയങ്ക നേരത്തെ ആരോപിച്ചിരുന്നു. ഇത് തള്ളി പ്രിയങ്കയുടെ സുരക്ഷാച്ചുമതലയുള്ള സിആര്‍പിഎഫ് രംഗത്തെത്തുകയും ചെയ്തു. ലഖ്‌നൗവിലെ പരിപാടിയെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രിയങ്ക നേരത്തെ നല്‍കിയിരുന്നില്ലെന്ന് സിആര്‍പിഎഫ് പറഞ്ഞു. സുരക്ഷയില്ലാതെ മോട്ടോര്‍ബൈക്കില്‍ പ്രിയങ്ക സ്വന്തം ഇഷ്ടപ്രകാരം യാത്ര ചെയ്യുകയായിരുന്നെന്നും സിആര്‍പിഎഫ് വിശദീകരിച്ചു.