പ്രിയങ്ക വീണ്ടും വയനാട്ടിലെത്തുന്നു ശനിയാഴ്ച അഞ്ചിടങ്ങളില്‍ പ്രസംഗം

മാനന്തവാടി: രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വീണ്ടും വയനാട്ടിലെത്തുന്നു. 20ന് ശനിയാഴ്ചയാണ് എത്തുക. വയനാട് മണ്ഡലത്തിലെ വിവിധ ഇടങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഉണ്ടാകുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി അറിയിച്ചു.

ശനിയാഴ്ച രാവിലെ പത്തു മണിയോടെയാണ് പ്രിയങ്ക ഗാന്ധി കണ്ണൂര്‍ വിമാനത്താവളത്തിലെത്തുക. തുടര്‍ന്ന് 10.30ന് മാനന്തവാടിയില്‍ നടക്കുന്ന പൊതുയോഗത്തില്‍ പ്രസംഗിക്കും. തുടര്‍ന്ന് 12.15നു വാഴക്കണ്ടി കുറുമകോളനിയില്‍ പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ വസന്തകുമാറിന്റെ കുടുംബത്തെ സന്ദര്‍ശിക്കും. ഉച്ചക്ക് ഒന്നരക്കു പുല്‍പള്ളിയില്‍ കര്‍ഷക സംഗമത്തില്‍ പങ്കെടുത്ത ശേഷം മൂന്നു മണിക്ക് നിലമ്പൂരിലും നാലിന് അരീക്കോടും പൊതുയോഗങ്ങളില്‍ പങ്കെടുക്കുമെന്നും വേണുഗോപാല്‍ അറിയിച്ചു.