മോദി ജനങ്ങളെ വിഢികളാക്കരുത്: പ്രിയങ്ക


ന്യൂഡല്‍ഹി: ഗാന്ധി കുടുംബത്തെ കടന്നാക്രമിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്ലോഗ് പോസ്റ്റിന് ചുട്ടമറുപടിയുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ജനങ്ങള്‍ വിഡ്ഢികളാണെന്ന ചിന്ത പ്രധാനമന്ത്രി അവസാനിപ്പിക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മാധ്യമങ്ങളുള്‍പ്പെടെ രാജ്യത്തെ എല്ലാ സ്ഥാപനങ്ങളേയും ബി.ജെ.പി ആക്രമിക്കുകയാണ്. ജനങ്ങള്‍ അതെല്ലാം അറിയുന്നുണ്ടെന്ന് മോദി മനസ്സിലാക്കണമെന്ന് അവര്‍ ഓര്‍മിപ്പിച്ചു. മോദിയുടെ ഏറ്റവും പുതിയ ബ്ലോഗ് പോസ്റ്റില്‍ കോണ്‍ഗ്രസിനെയും ഗാന്ധി കുടുംബത്തെയും ശക്തമായി വിമര്‍ശിച്ചിരുന്നു. എതിര്‍ത്ത് സംസാരിക്കുന്നവരെ വിരട്ടാമെന്നാണ് ബി.ജെ.പിയുടെ വിചാരം. അത് ശരിയല്ല. ഞങ്ങളെ അവരെ ഭയക്കുന്നില്ല. അവര്‍ ഞങ്ങള്‍ എത്രമാത്രം വേട്ടയാടിയാലും അവരെ ഭയക്കില്ല. ഞങ്ങള്‍ പോരാട്ടം തുടരും. ഏവര്‍ എത്രത്തോളം ആക്രമിക്കുന്നുവോ അതിലേറെ കരുത്തില്‍ അവരുമായി പോരാടും. അഞ്ച് വര്‍ഷത്തിനിടെ മോദി ഭരണകൂടം എന്തുചെയ്തുവെന്ന് നോക്കിയാല്‍ മതി ബി.ജെ.പിക്കെന്ന് പ്രിയങ്ക പറഞ്ഞു.