രാജ്യത്ത് ഭരണഘടനയെ ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി


സില്‍ച്ചാര്‍: നരേന്ദ്ര മോദി സര്‍ക്കാറിനു കീഴില്‍ ഭരണഘടനയെ ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സില്‍ച്ചാറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും സിറ്റിങ് എം.പിയുമായ സുഷ്മിത ദേവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവെയാണ് പ്രിയങ്ക ഈ ആരോപണം ഉന്നയിച്ചത്.

ഭരണഘടനാ ശില്‍പിമാരില്‍ ഒരാളായ അംബേദ്കറുടെ ജന്മദിനമാണ് ഇന്ന്. ശക്തമായ ഭരണഘടനയിലൂടെ രാജ്യത്തിന് അടിത്തറ പാകിയത് അദ്ദേഹമാണ്. ഭരണഘടനയെ മാനിക്കുക എന്നത് എല്ലാ രാഷ്ട്രീയ നേതാക്കളുടെയും കടമയാണ്. എന്നാല്‍ ഭരണഘടനയെ തകര്‍ക്കുന്നതിനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് ആരുടെയും പേരെടുത്ത് പറയാതെ അവര്‍ വിമര്‍ശം ഉന്നയിച്ചു.

ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക വിവിധ സംസ്‌കാരങ്ങളെയും മത വിശ്വാസങ്ങളെയും മാനിക്കുന്നില്ല. അതുപോലെ തന്നെയാണ് ഭരണഘടനയെയും മാനിക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതെന്ന് അവര്‍ ആരോപിച്ചു.