ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരനെ സ്വകാര്യ ബസ്സുകാര്‍ വഴിയില്‍ ഇറക്കിവിട്ടു; ചികിത്സ കിട്ടാതെ മരിച്ചതായി പരാതി

തൊടുപുഴ: സ്വകാര്യ ബസ്സുകാരുടെ നിരുത്തരവാദ പെരുമാറ്റം കാരണം വയോധികന്‍ ചികിത്സ ലഭിക്കാതെ മരിച്ചതായി പരാതി. ഡി.കെ.ടി.എഫ് ഇടുക്കി ജില്ലാ സെക്രട്ടറി വണ്ണപ്പുറം ഇടക്കുന്നേല്‍ എ.ഇ സേവ്യര്‍(68) ആണ് മരിച്ചത്. സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സേവ്യറിനെ ആസ്പത്രിയില്‍ എത്തിക്കുന്നതിന് പകരം ബസ് ജീവനക്കാര്‍ വഴിയില്‍ ഇറക്കിവിടുകയായിരുന്നു. മൂവാറ്റുപുഴക്ക് പോകുവാനായി ഉച്ചക്ക് ഒന്നേ മുക്കാലോടെ വണ്ണപ്പുറത്തുനിന്ന് മദര്‍ലാന്‍ഡ് എന്ന സ്വകാര്യ ബസ്സില്‍ കയറിയ സേവ്യറിന് അമ്പലപ്പടിയില്‍ എത്തിയതോടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വായില്‍ നിന്ന് നുരയും പതയും വരുന്നത് കണ്ട ബസ് ജീവനക്കാര്‍ ഇയാള്‍ മദ്യപിച്ചിട്ടുണ്ടെന്ന് തെറ്റിദ്ധരിച്ച് കൊല്ലംപടിയില്‍ ഇറക്കിവിടുകയായിരുന്നു.
അതുവഴി വന്ന ഒരു ഓട്ടോ ഡ്രൈവറും സുഹൃത്തും ചേര്‍ന്നാണ് സേവ്യറിനെ വണ്ണപ്പുറത്തുള്ള സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചത്. എന്നാല്‍ അധികം വൈകാതെ മരണം സംഭവിച്ചു. ബസ് ജീവനക്കാരുടെ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് വണ്ണപ്പുറം യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വണ്ണപ്പുറം മൂവാറ്റുപുഴ റൂട്ടിലോടുന്ന ബസുകള്‍ തടഞ്ഞു. കേസെടുത്ത് അന്വേഷിക്കാമെന്ന കാളിയാര്‍ സി.ഐ എന്‍ പങ്കജാക്ഷനും എസ്.ഐ വി പി ബഷീറും നല്‍കിയ ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്. സേവ്യറിന്റെ മകന്‍ ജോബി സേവ്യറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ 174 വകുപ്പ് പ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുത്തതായി കാളിയാര്‍ പോലീസ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കുമെന്നും പൊലീസ് അറിയിച്ചു.

SHARE