സ്വകാര്യ ബസുകള്‍ നാളെ മുതല്‍ സര്‍വീസ് നടത്തില്ല

കോഴിക്കോട്: കൊവിഡ് പശ്ചാത്തലത്തില് നഷ്ടം നേരിടുന്നതിനാല് സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നാളെ മുതല്‍ സര്‍വീസ് നടത്തില്ല. അനിശ്ചിതകാലത്തേക്ക് നിരത്തില്‍ നിന്നൊഴിയുന്നതായി കാണിച്ച് 9000 ത്തോളം ബസുകള്‍ സര്‍ക്കാരിന് ജി ഫോം നല്‍കി. ബാക്കിയുള്ളവയും അടുത്ത ദിവസങ്ങളില്‍ നിരത്തില്‍ നിന്ന് പിന്മാറും.

യാത്രക്കാരുടെ കുറവും ഇന്ധനച്ചെലവും കാരണം 900 രൂപയാണ് പ്രതിദിന നഷ്ടം. ഈ രീതിയില്‍ മുന്നോട്ടു പോകാനാകാത്തതുകൊണ്ടാണ് സര്‍വീസ് നിര്‍ത്തുന്നത്. ഡിസംബര്‍ വരെയുള്ള റോഡ് നികുതി ഒഴിവാക്കണമെന്നാണ് ബസുടമകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. എന്നാല്‍, സമയം നീട്ടി നല്‍കുകയല്ലാതെ മറ്റു വഴിയില്ലെന്നാണു ഗതാഗതവകുപ്പിന്റെ നിലപാട്. നികുതി അടയ്ക്കാനുള്ള സമയം ഒക്ടോബര്‍ വരെ നീട്ടി നല്‍കാമെന്നാണ് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചത്.

മന്ത്രിയുടെ നിര്‍ദേശം പൂര്‍ണമായും തള്ളിയ ബസുടമകള്‍ കോവിഡ് തീരുന്നത് വരെ ഇന്ധനത്തിനു സബ്‌സിഡി അനുവദിക്കുക, തൊഴിലാളികളുടെ ക്ഷേമനിധി സര്‍ക്കാര്‍ അടയ്ക്കുക, ഡിസംബര്‍ വരെയെങ്കിലും റോഡ് നികുതി ഒഴിവാക്കുക എന്നീ ആവശ്യങ്ങളാണ് മുന്നോട്ട് വെക്കുന്നത്.

SHARE