തുറിച്ചു നോട്ടങ്ങളില്ലാതെ മുലയൂട്ടാന്‍ അമ്മമാര്‍ക്ക് സൗകര്യം

കോഴിക്കോട്: തിരക്കേറിയ നഗരപ്രദേശങ്ങളില്‍ തുറിച്ചു നോട്ടങ്ങളില്ലാതെ മുലയൂട്ടാന്‍ അമ്മമാര്‍ക്ക് സൗകര്യം. അന്താരാഷ്ട്ര മുലയൂട്ടല്‍ ദിനാചരണത്തിന്റെ ഭാഗമായി നഗരത്തില്‍ കൂടുതല്‍ മുലയൂട്ടല്‍ ജില്ലാ വനിതാ ശിശു ക്ഷേമ വകുപ്പ് കേന്ദ്രങ്ങള്‍ ഒരുക്കുന്നു. കോഴിക്കോട് നഗരത്തിലെ പത്തിലധികം പ്രധാന കേന്ദ്രങ്ങളിലാണ് സൗകര്യം ഏര്‍പ്പെടുത്തുക.
കൈകുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാര്‍ക്ക് ബൂത്തുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യമൊരുക്കാന്‍ ഇതിനോടകം നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു കഴിഞ്ഞിട്ടുണ്ട്. വാരാചരണവുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷന്‍ ഓഫീസില്‍ മുലയൂട്ടല്‍ ബൂത്ത് ആരംഭിച്ചു. നഗരത്തില്‍ സിവില്‍ സ്‌റ്റേഷനിലും റെയില്‍വേ സ്‌റ്റേഷനിലും മാത്രമാണ് നിലവില്‍ മുലയൂട്ടല്‍ കേന്ദ്രങ്ങളുള്ളത്.
കൊട്ടിയാഘോഷിച്ച് കൊണ്ടു വന്ന ഇവിടെത്തെ കേന്ദ്രങ്ങളില്‍ വേണ്ടത്ര സൗകര്യങ്ങളുണ്ടായിരുന്നില്ല. കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാര്‍ക്ക് ഇത്തരമൊരു സൗകര്യമുള്ള കാര്യം അറിയാനും സാധിച്ചിരുന്നില്ല. ഇവയുടെ അടിസ്ഥാനത്തില്‍ സൗകര്യം വര്‍ധിപ്പിക്കാനും തീരുമാനമുണ്ട്.
മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി ആറിന് കലക്ടര്‍ യോഗം വിളിച്ചു. ഇതുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും സംബന്ധിക്കുന്ന യോഗത്തില്‍ കൂടുതല്‍ പരിപാടികള്‍ ആസൂത്രണം ചെയ്യും. മൊഫ്യൂസല്‍ ബസ്റ്റാന്റ്, പാളയംബസ്റ്റാന്റ്, കെ.എസ്.ആര്‍.ടി.സി സ്റ്റാന്റ് തുടങ്ങിയ ബസ് സ്റ്റാന്റുകളിലും നഗരത്തിലെ വലിയ മാളുകള്‍, ടെക്സ്റ്റയില്‍ കേന്ദ്രങ്ങള്‍ കോഴിക്കോട് ബീച്ചില്‍ പത്തോളം ഇടങ്ങള്‍ എന്നിവിടങ്ങളില്‍ മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ യോഗത്തില്‍ ആവശ്യമുയരാനാണ് സാധ്യത. അമ്മമാരില്‍ മുലയൂട്ടലിന്റെ പ്രാധാന്യവും മഹത്വവും പ്രചരിപ്പിക്കാനാണ് അന്താരാഷ്ട്രതലത്തില്‍ തന്നെ മുലയൂട്ടല്‍ വാരാചരണം സംഘടിപ്പിക്കുന്നത്.

ലോകമുലയൂട്ടല്‍ വാരത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 9.30 മണിക്ക് ഡോ.എം.കെ മുനീര്‍ എം.എല്‍.എ നിര്‍വ്വഹിക്കും. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ കബനിഹാളില്‍ നടക്കുന്ന പരിപാടിയില്‍ കലക്ടര്‍ യുവി ജോസ് മുഖ്യാതിഥി ആവും. ബോധവല്‍കരണ സെമിനാറും പോസ്റ്റര്‍ രചന മത്സരവും പരിപാടിയോടനുബന്ധിച്ച് നടക്കും. ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡെ.സരള നായര്‍, കോര്‍പ്പറേഷന്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി ബാബുരാജ്, അഡിഷണല്‍ ഡി.എം.ഒ (കുടുംബക്ഷേമം) ഡോ.എസ്.എന്‍ രവികുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

SHARE