ആട് ജീവിതത്തിലെ നജീബാവാന്‍ പൃഥ്വിരാജ് ഇന്ത്യ വിട്ടു

ഒട്ടേറെ ചര്‍ച്ച ചെയ്തു കഴിഞ്ഞ ബെന്യാമിന്റെ നോവല്‍ ആടുജീവിതം സിനിമയാവുകയാവുകയാണ്. നടനായും സംവിധായകനായും നിര്‍മ്മാതാവുമായി വേഷമിട്ട പൃഥ്വിരാജാണ് സിനിമയില്‍ നായകനാവുന്നത്. ഈ നോവല്‍ വായിച്ചവര്‍ക്കറിയാം, ഈ സിനിമയിലെ കഥാപാത്രമാവുകയെന്നാല്‍ വലിയൊരു വെല്ലുവിളിയാണെന്ന്. മരുഭൂമിയില്‍ വര്‍ഷങ്ങളോളം ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന നജീബ് എന്ന ചെറുപ്പക്കാരന്റെ ദുരിത പൂര്‍ണ്ണവും അമ്പരപ്പിക്കുന്നതുമായ കഥയാണ് സിനിമ. എങ്ങനെയായിരിക്കും സിനിമയും ചിത്രീകരണവുമെന്ന് സിനിമാപ്രേമികള്‍ ഉറ്റുനോക്കുമ്പോഴാണ് പൃഥ്വിരാജിന്റെ ചില ചില വിശേഷങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴിതാ സിനിമയിലെ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി പൃഥ്വിരാജ് ഇന്ത്യ വിട്ടുവെന്നതാണ് പുതിയ സംസാരം. പൃഥ്വി വിദേശത്തേയ്ക്ക് യാത്ര തിരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

മെയ്‌ക്കോവറിന്റെ അവസാന ഘട്ടത്തിനായി താന്‍ രാജ്യത്ത് മാറി നില്‍ക്കുകയാണെന്ന് അറിയിച്ച് പൃഥ്വി ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. എന്നാല്‍ വിദേശത്ത് എവിടേക്കാണ് പൃഥ്വി യാത്ര തിരിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. പൃഥ്വിയുടെ അടുത്ത സുഹൃത്തുക്കള്‍ക്കുപോലും ഏത് സ്ഥലമാണെന്ന് കൃത്യമായ ധാരണയില്ല. അതിനിടയിലാണ് യാത്രയുടെ വിശേഷങ്ങള്‍ റിപ്പോര്‍ട്ടുകളായി പുറത്തുവരുന്നത്.

സിനിമയുടെ അടുത്ത ഷെഡ്യൂള്‍ തുടങ്ങുന്നതിന് മുമ്പുള്ള പതിനെട്ട് ദിവസം അള്‍ജീരിയയില്‍ ആടുകളും ഒട്ടകങ്ങളും മാത്രം അടങ്ങിയ ഫാം ഹൗസിലായിരിക്കും പൃഥ്വി താമസിക്കുകയെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അതും മരുഭൂമിയാല്‍ ചുറ്റപ്പെട്ട ഒരു സ്ഥലത്ത്. ജോര്‍ദ്ദാനില്‍ ആണ് ഇനി അടുത്ത ഷെഡ്യൂള്‍ തുടങ്ങുന്നത്. മാര്‍ച്ച് 16 മുതല്‍ മേയ് 16 വരെ രണ്ട് മാസത്തെ ചിത്രീകരണമാണ് ജോര്‍ദാനില്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. അതിനു ശേഷം ഒരുമാസം അള്‍ജീരിയയിലും. ആടുജീവിതത്തിലെ നജീബാവാന്‍ വേണ്ടി ഏകദേശം 20 കിലോ ഭാരമാണ് പൃഥ്വി കുറച്ചത്. തടി കുറച്ച് താടിയും മുടിയും നീട്ടി വളര്‍ത്തിയുള്ള പൃഥ്വിയുടെ ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ആടുജീവിതത്തില്‍ അഭിനയിക്കാന്‍ പോകുന്ന മകന് അഭിനന്ദനവും ആശംസയും അറിയിച്ച് നടിയും പൃഥ്വിരാജിന്റെ അമ്മയുമായ മല്ലികാസുകുമാരന്‍ രംഗത്തെത്തി. മകനെ സര്‍ശക്തനായ ദൈവം തമ്പുരാന്‍ അനുഗ്രഹിക്കട്ടെയെന്നായിരുന്നു മല്ലികയുടെ വാക്കുകള്‍. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിന് ഒട്ടനവധി പ്രതികരണങ്ങളാണ് വന്നിട്ടുള്ളത്.

ബെന്യാമിന്‍ രചിച്ച ‘ആടുജീവതം’ എന്ന നോവലിന് സിനിമാ ഭാഷ്യം ഒരുക്കുന്നത് ബ്ലെസിയാണ്. ബെന്യാമിന്റെ നോവലിനോട് പൂര്‍ണമായും നീതി പാലിക്കുന്ന ചിത്രമായിരിക്കും ആടുജീവിതമെന്ന് ബ്ലെസി പറഞ്ഞു.

ബിഗ് ബജറ്റ് ചിത്രമായ ആടുജീവിതത്തില്‍ അമലാ പോളാണ് നായിക. നജീബിന്റെ ഭാര്യ സൈനുവായാണ് അമല എത്തുന്നത്.

വിനീത് ശ്രീനിവാസന്‍, അപര്‍ണാ ബാലമുരളി, സന്തോഷ് കീഴാറ്റൂര്‍, ലെന തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. കെ.ജി.എ ഫിലിംസിന്റെ ബാനറില്‍ കെ.ജി. അബ്രഹാമാണ് ചിത്രം നിര്‍മിക്കുന്നത്.