കൊച്ചി: ആടുജീവിതത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞ് ജോര്‍ദ്ദാനില്‍ നിന്നെത്തി ക്വാറന്റീനില്‍ കഴിയുന്ന നടന് പൃഥ്വിരാജിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. താരം തന്നെയാണ് സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവായ വിവരം ഫേസ് ബുക്കിലൂടെ അറിയിച്ചത്. അതേസമയം, ഫലം നെഗറ്റീവ് ആണെങ്കിലും ക്വാറന്റീന് പൂര്‍ത്തിയാകുന്നതുവരെ നിരീക്ഷണത്തില്‍ തുടരുമെന്നും പൃഥ്വിരാജ് അറിയിച്ചു. ജോര്‍ദാനില്‍ കുടുങ്ങിയ പൃഥ്വിരാജും സംഘവും കഴിഞ്ഞ മാസം 22നാണ് കൊച്ചിയിലെത്തിയത്.
മാര്‍ച്ചിലാണ് പൃഥ്വിയും സംഘവും ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് ജോര്‍ദാനിലെത്തിയത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ ഷൂട്ടിങ് നിര്‍ത്തിവെക്കേണ്ടിവന്നു. ഇതിനിടയില്‍ ചിത്രത്തില്‍ അഭിനയിക്കേണ്ട ഒമാനി താരം ക്വാറന്റൈനിലായതും പ്രതിസന്ധിയുണ്ടാക്കി. പിന്നീട് ചിത്രീകരണം പൂര്‍ത്തിയാക്കി. ചിത്രീകരണം പൂര്‍ത്തിയായിരുന്നുവെങ്കിലും ഇന്ത്യയിലേക്കുള്ള മടക്കം പ്രതിസന്ധിയിലായിരുന്നു. തുടര്‍ന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് സംഘം കൊച്ചിയിലെത്തുന്നത്. പിന്നീട് ക്വാറന്റീനില്‍ പോവുകയായിരുന്നു.