‘ആര്‍എസ്എസിനെ ഭയന്നല്ല പൃഥ്വിരാജും വിദ്യാബാലനും പിന്മാറിയത്’; വിമര്‍ശകര്‍ക്ക് ടോവിനോയുടെ മറുപടി

കൊച്ചി: മാധവിക്കുട്ടി (കമല സുരയ്യ)യുടെ ജീവിത കഥ പറയുന്ന ആമിയില്‍ നിന്ന് നടന്‍ പൃഥ്വിരാജും ബോളിവുഡ് നടി വിദ്യാബാലനും പിന്മാറിയത് ആര്‍എസ്എസിനെ ഭയന്നാണെന്ന ആരോപണങ്ങള്‍ക്കെതിരെ മറുപടിയുമായി നടന്‍ ടൊവിനോ തോമസ്. ‘വിദ്യാബാലനും പൃഥ്വിരാജും ആര്‍എസ്എസിനെ പേടിച്ച് പിന്മാറിയതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എന്നോട് നല്ല സൗഹൃദം പുലര്‍ത്തുന്ന ഒരാളാണ് പൃഥ്വിരാജ്. ആരെങ്കിലും പറഞ്ഞുപേടിപ്പിച്ചതിന്റെ പേരില്‍ പിന്മാറുന്ന ഒരു ഭീരുവല്ല പൃഥ്വിരാജ് എന്ന് അദ്ദേഹത്തെ അടുത്ത് അറിയുന്നവര്‍ക്ക് അറിയാം’ ടോവിനോ പറഞ്ഞു. തന്നെ ഈ പ്രൊജക്ടിനുവേണ്ടി വിളിച്ചപ്പോള്‍ താനാദ്യം അഭിപ്രായം ചോദിച്ചതും പൃഥ്വിരാജിനോടാണ്. അദ്ദേഹം ആമിയില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും ടൊവീനോ പറഞ്ഞു.

‘അഞ്ചുവര്‍ഷമായിട്ടേയുള്ളൂ ഞാന്‍ സിനിമയിലെത്തിയിട്ട്. വളരെ തിരക്കുപിടിച്ചയാളാണ് പൃഥ്വിരാജ്. എന്ന് സ്വന്തം മൊയ്തീന്‍ എന്ന സിനിമക്കു ശേഷമാണ് ഒട്ടോറെ സിനിമകള്‍ എനിക്ക് ലഭിച്ചു തുടങ്ങിയത്. ഇപ്പോഴത്തെ തിരക്ക് ഹാന്റില്‍ ചെയ്യാന്‍ എനിക്ക് പറ്റുന്നില്ല. എനിക്കിത്ര തിരക്കുണ്ടെങ്കില്‍ പൃഥ്വിയുടെ കാര്യം പറയേണ്ടതില്ലല്ലോ. മറ്റുള്ളവര്‍ക്ക് എത്രത്തോളം ഇത് മനസ്സിലാകുമെന്ന് അറിയില്ല. എന്നാല്‍ എനിക്കറിയാം. സിനിമാ ലോകത്തുള്ളവര്‍ക്കും അറിയാം. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പലരും പറയും. അതൊന്നുകാര്യമാക്കേണ്ടതില്ല.’, ടോവിനോ ഒരു വാരികക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

SHARE