ആടുജീവിതത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചെത്തിയ പ്രിഥ്വിരാജിനോട് അമ്മ മല്ലിക പറഞ്ഞത്


കൊച്ചി: ലോക്ഡൗണ്‍ ആശങ്കകളുടെ മരുഭൂമിയില്‍നിന്ന് ജന്മനാടിന്റെ തണലിലേക്ക് വന്നണയുമ്പോള്‍ പൃഥ്വിരാജിനോട് അമ്മ മല്ലിക സുകുമാരന്‍ ആദ്യംപറഞ്ഞത് ഒരു കാര്യംമാത്രം: ”രാജൂ, നന്നായിട്ടൊന്ന് ഉറങ്ങൂ…”

ജോര്‍ദാനില്‍നിന്ന് തിരിച്ചെത്തി ക്വാറന്റീനില്‍ കഴിയുന്ന ഹോട്ടലില്‍നിന്നാണ് പൃഥ്വി അമ്മയെ വിളിച്ചത്. ”അവന്റെ സ്വരംകേട്ടപ്പോള്‍ ഇതുവരെ അനുഭവിക്കാത്ത സന്തോഷവും ആശ്വാസവും തോന്നി. ഉറക്കം ശരിയാകാത്തതിനാല്‍ വലിയ ക്ഷീണത്തിലായിരുന്നു അവന്‍. പ്രഭാതഭക്ഷണം കഴിച്ച് നന്നായിട്ടൊന്ന് ഉറങ്ങാന്‍ അവനോട് പറഞ്ഞു. എഴുന്നേറ്റശേഷംമാത്രംമതി മറ്റുവിശേഷങ്ങളൊക്കെയെന്നും പറഞ്ഞു.

”അലംകൃതയ്ക്കാണ് ഡാഡയെ കാണാതിരുന്നിട്ട് വലിയ വിഷമം. കഴിഞ്ഞദിവസം അവള്‍ എന്നെ വിളിച്ച് അവളുടെ ബോര്‍ഡില്‍ ‘മൈ ഫാദര്‍ ഈസ് കമിങ്’ എന്നെഴുതിയത് കാണിച്ചുതന്നു. ഇതെന്താണെന്ന് ഞാന്‍ അവളോട് ചോദിച്ചു. ‘ഡാഡ വേഗംവരും അച്ഛമ്മേ’ എന്നാണ് അവള്‍ അതിന് മറുപടിപറഞ്ഞത്. ഞങ്ങളുടെയെല്ലാം കാത്തിരിപ്പ് തീരാന്‍ ഇനിയും 14 ദിവസംവേണം. അതുസാരമില്ല. വേവുവോളം ക്ഷമിക്കാമെങ്കില്‍ പിന്നെ ആറുവോളം ക്ഷമിക്കരുതോ…” -മല്ലിക പറഞ്ഞു.

അതേ സമയം മല്ലികയും മറ്റൊരു ദുരിതത്തില്‍ നിന്ന് കരകയറിയിരിക്കുകയാണ്. കനത്തമഴയില്‍ തിരുവനന്തപുരം തിരുമല കുണ്ടമണ്‍കടവ് ഭാഗത്തെ ജനവാസ മേഖലയില്‍ വെള്ളം കയറിയപ്പോള്‍ മല്ലികയുടെ വീടും മുങ്ങി. അഗ്‌നിരക്ഷാസേനയുടെ ഫൈബര്‍ ബോട്ടില്‍ സുരക്ഷിത സ്ഥാനത്തേക്ക് അവര്‍ക്ക് മാറേണ്ടിവന്നു. ജവഹര്‍നഗറിലെ സഹോദരന്റെ വീട്ടിലേക്കാണ് നടി മാറിയത്.

2018-ലെ പ്രളയത്തിലും മല്ലിക താമസിച്ചിരുന്ന വീട്ടില്‍ വെള്ളം കയറിയിരുന്നു. അന്ന് നാട്ടുകാരാണ് അവരെ സുരക്ഷിതകേന്ദ്രത്തിലേക്കുമാറ്റിയത്.