ജെ.എന്‍.യുവില്‍ നടന്നത് ജനാധിപത്യമൂല്യങ്ങളുടെ കൊലപാതകം;പൃഥ്വിരാജ്

ജെ.എന്‍.യുവില്‍ നടന്ന അക്രമത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് നടന്‍ പൃഥ്വിരാജ്. ഫെസ്ബുക്കിലൂടെയാണ് തന്റെ പ്രതിഷേധം അദ്ദേഹം അറിയിച്ചത്. ഇപ്പോള്‍ ഇവിടെ നടക്കുന്നത് ജനാധിപത്യമൂല്യങ്ങളുടെ കൊലപാതകമാണെന്നും അക്രമത്തെ ഒരിക്കലും ന്യായീകരിക്കാനാകില്ലെന്നും പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പൃഥ്വിരാജിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

പൃഥ്വിരാജിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

നിങ്ങള്‍ ഏത് പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ചാലും, എന്തിനു വേണ്ടി പോരാടിയാലും, നമ്മള്‍ പ്രതീക്ഷിക്കുന്ന ലക്ഷ്യം എന്തായാലും അക്രമവും വിധ്വംസനവും ഒരിക്കലും ഒന്നിനുമുള്ള ഉത്തരമല്ല. അഹിംസയിലൂടെയും നിസ്സഹകരണ പ്രസ്ഥാനത്തിലൂടെയും അധിനിവേശത്തില്‍നിന്ന് സ്വാതന്ത്ര്യം നേടിയെടുത്ത ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം വിപ്ലവം എന്ന വാക്ക് അക്രമത്തിനും അരാജകത്വത്തിനുമുള്ള അര്‍ത്ഥമായി മാറുന്നത് സങ്കടമാണ്. വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് അതിക്രമിച്ചു കയറി, ക്രമസമാധാനത്തിനു പുല്ലുവില പോലും കല്‍പ്പിക്കാതെ വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ അക്രമം കെട്ടഴിച്ചു വിടുന്നത് എല്ലാ ജനാധിപത്യ മൂല്യങ്ങളേയും തകര്‍ക്കുന്നതിന് തുല്യമാണ്. നിര്‍ദ്ദയമായ ശിക്ഷ അര്‍ഹിക്കുന്ന, അങ്ങേയറ്റം വൃത്തികെട്ട ക്രൂരമായ അപരാധമാണ്. ഒന്നു കൂടി ഓര്‍ക്കുക, അക്രമത്തെ അംഗീകരിക്കുന്ന ഏതുതരം പ്രക്ഷോഭവും തുല്യമായ അളവില്‍ പ്രതിഷേധാര്‍ഹമാണ്. ആവര്‍ത്തിക്കട്ടെ…. ലക്ഷ്യം എപ്പോഴും മാര്‍ഗത്തെ ന്യായീകരിക്കുന്നില്ല. ജയ് ഹിന്ദ്.

SHARE