“അപ്പോള്‍ എത്ര പേര്‍ക്കാണ് പരിക്കേറ്റത്?”; മോദിയുടെ ‘ഹോസ്പിറ്റല്‍’ ചിത്രങ്ങള്‍ വിവാദമാവുന്നു

ലേ: ഇന്ത്യ ചൈന സംഘര്‍ഷം നിലനില്‍ക്കെ ലഡാക്കില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങള്‍ വിവാദമാവുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ സൈനികരെ വെള്ളിയാഴ്ച ലേയിലെ ഒരു ‘ഹോസ്പിറ്റല്‍ വാര്‍ഡില്‍ വെച്ച് പ്രധാനമന്ത്രിയുടെ സന്ദര്‍ശിക്കുന്നതായി പുറത്തുവന്ന ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ വിവാദമായിരിക്കുന്നത്. വാര്‍ഡിലെ പരിക്കേറ്റ ജവാന്‍മാരെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രിയുടെ ഫോട്ടോകളെ ട്രോളുന്ന #MunnaBhaiMBBS എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്റായി കഴിഞ്ഞു.

ലേയിലെ സൈനിക ആശുപത്രി 1962 ന് മുമ്പേ നിലവിലുണ്ട്. ഒരു ബ്രിഗേഡിയറിനു കീഴില്‍ 300 ലധികം കിടക്കകളുണ്ട്. എന്നാല്‍ ബിജെപി കൊട്ടിഘോഷിക്കുന്ന ആസ്പത്രി സന്ദര്‍ശന ചിത്രം അവിടെവച്ചല്ല എടുത്തതെന്ന രീതിയിലുള്ള വിമര്‍ശനങ്ങളാണ് ട്രോളായി ഉയരുന്നത്.

ജൂണ്‍ 15 ന് ഗാല്‍വാന്‍ താഴ്വരയില്‍ പിഎല്‍എ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റ ജവാന്‍മാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടികാഴ്ച ചിത്രീകരിക്കാനായി ഒരു കോണ്‍ഫറന്‍സ് റൂം താല്‍ക്കാലിക വാര്‍ഡാക്കി മാറ്റിയെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്. ഇതിന് തളിവായി വിമര്‍ശകര്‍ ചിത്രത്തില്‍ നിന്നും തന്നെ തെളിവുകള്‍ ക്െണ്ടടുക്കുന്നുണ്ട്.
പ്രൊജക്ടറും സ്‌ക്രീനും വ്യക്തമായി കാണുന്ന കോണ്‍ഫറസ് ഹാളാണ് ആസ്പത്രി വാര്‍ഡാക്കിയത്. മരത്തടി പാകിയ തറയോടുകൂടിയ ഹാളില്‍ ഏതെങ്കിലും തരത്തിലുള്ള മെഡിക്കല്‍ ഉപകരണങ്ങളോ അനുബന്ധ ഉപകരണങ്ങളോ ഇല്ല. സ്റ്റാന്‍ഡ്, മെഡിസിന്‍ കാബിനറ്റ്, ഡസ്റ്റ്ബിന്‍, ഓക്‌സിജന്‍ സിലിണ്ടര്‍ അല്ലെങ്കില്‍ ഡോക്ടര്‍മാരോ നഴ്‌സുമാരോ പോലും ദൃശ്യങ്ങളില്‍ ഇല്ലെന്നു ട്രോളന്മാര്‍ തുറന്നുകാട്ടുന്നു.

https://twitter.com/DeepakRaula9/status/1279309592946716672

അതേസമയം, പരിക്കേറ്റതായി കാണിക്കുന്ന സൈനികരുടെ എണ്ണവും വിവാദത്തിലായിട്ടുണ്ട്. നാലിലേറെ വരികളിലായുള്ള നീണ്ടു കിടക്കുന്ന കട്ടിലുകളില്‍ സൈനികര്‍ പൂര്‍ണ്ണ ആരോഗ്യവാന്മാരിയി ചമ്രം പടിഞ്ഞിരിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. 20 പേരുടെ മരണത്തിന് ഇടയാക്കിയ സംഘര്‍ഷത്തില്‍ പരിക്കേറ്റ സൈനികര്‍ 15 ദിവസത്തിനുള്ളില്‍ സുഖം പ്രാപിക്കുമോ എന്ന ചോദ്യവും വിമര്‍ശകര്‍ ഉന്നയിക്കുന്നുണ്ട്.

പ്രധാനമന്ത്രിയുടെ പ്രചാരണത്തിനും പിആര്‍ വര്‍ക്കിനുള്ള അവസരമായും സൈനികരെ ഉപയോഗപ്പെടുത്തുകയായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചു.

Read More: വിപുലീകരണത്തിന്റെ കാലം കഴിഞ്ഞു, ഇത് വികസനത്തിന്റെ കാലമാണ്; ലഡാക്കില്‍ ചൈനയോടായി പ്രധാനമന്ത്രി മോദി