നരേന്ദ്ര മോദി വരാണസില്‍ പത്രിക സമര്‍പ്പിച്ചു;


പ്രധാനമന്ത്രി നരേന്ദ്ര മോദി വരാണസി ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പത്രിക നല്‍കാന്‍ വരാണസി കളക്ടറേറ്റിലേക്ക് മോദിക്കൊപ്പം എന്‍.ഡി.എയിലെ സഖ്യകക്ഷി നേതാക്കളും കേന്ദ്രമന്ത്രിമാരുമെത്തി. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, സുഷമ സ്വരാജ്, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍, കേന്ദ്രമന്ത്രിയും എല്‍.ജെ.പി നേതാവുമായ റാം വിലാസ് പസ്വാന്‍, യു.പി മുഖ്യമന്ത്രിയോഗി ആദിത്യനാഥ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. കാലഭൈരവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് മോദി പത്രിക സമര്‍പ്പണത്തിനെത്തിയത്. ഇതു രണ്ടാം തവണയാണ് വരാണസിയില്‍നിന്നു മോദി ജനവിധി തേടുന്നത്. 2014ല്‍ 3,71,784 വോട്ടുകളുടെ ഭൂരിപക്ഷമാണ് മോദിക്ക് വരാണസിയില്‍നിന്നു ലഭിച്ചത്. ആകെ ലഭിച്ചത് 5,81,022 വോട്ടുകള്‍. അന്ന് രണ്ടാം സ്ഥാനത്തായിരുന്ന എ.എ.പി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന് 2,09,238 വോട്ടുകള്‍ ലഭിച്ചിരുന്നു. കോണ്‍ഗ്രസിന്റെ അജയ് റായ് 2014ല്‍ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ഇത്തവണയും അജയ് റായ് തന്നെയാണ് വാരാണസിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി മോദിക്കെതിരെ മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അജയ് റായിയെ തന്നെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിക്കുകയായിരുന്നു.