ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി അധികാരമേറ്റ എച്ച്.ഡി കുമാരസ്വാമിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. പ്രധാന മന്ത്രി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റ കുമാരസ്വാമിയേയും ഉപമുഖമന്ത്രി ഡോ.ജി. പരമേശ്വരത്തേയും അഭിനന്ദിക്കുന്നതായും സുസ്ഥിര ഭരണം കാഴ്ചവെക്കാന്‍ ഇവര്‍ക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നതായും പ്രധാനമന്ത്രി തന്റെ ഔദ്യോഗിക ട്വിറ്ററില്‍ കുറിച്ചു.
Prime Minister Narendra Modi spoke to HD Kumaraswamy and congratulated him on taking oath as Chief Minister of Karnataka. pic.twitter.com/w3vPh6CunA
— ANI (@ANI) May 23, 2018
കര്‍ണാടക വിധാന്‍ സൗധയുടെ പടവുകളിലൊരുക്കിയ പ്രൗഢഗംഭീരമായ വേദിയിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ഗവര്‍ണര്‍ വാജുഭായ് വാലയാണ് കുമാരസ്വാമിക്കും പരമേശ്വരത്തിനും സത്യവാചകം ചൊല്ലിക്കൊടുത്തത്. സത്യവാചകം ചൊല്ലിക്കൊടുക്കാനായി വാജുഭായ് വാല വേദിയിലെത്തിപ്പോള്‍ സദസ്സില്‍ നിന്ന് കൂവലുയര്‍ന്നിരുന്നു. ചടങ്ങ് തുടങ്ങുന്നതിനു തൊട്ടുമുമ്പാണ് വാജുഭായ് വാല വേദിയിലേക്ക് കയറിവന്നത്. വന്‍ കൂവലോടെയാണ് അദ്ദേഹത്തെ സദസ്സ് എതിരേറ്റത്. കുമാരസ്വാമിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കാനായി ഗവര്‍ണര്‍ എഴുന്നേറ്റപ്പോഴും കൂവല്‍ തുടര്‍ന്നു.
I congratulate Shri @hd_kumaraswamy Ji and @DrParameshwara Ji on taking oath as Chief Minister and Deputy Chief Minister of Karnataka. My best wishes for their tenure ahead.
— Narendra Modi (@narendramodi) May 23, 2018
അതേസമയം സത്യപ്രതിജ്ഞാ ചടങ്ങ് ബി.ജെ.പിക്കെതിരായ വിശാല പ്രതിപക്ഷത്തിന്റെ ശക്തിപ്രകടനത്തിന്റെ വേദിയായാണ് കണ്ടത്. യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബി.എസ്.പി അധ്യക്ഷ മായാവതി, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ആര്‍.ജെ.ഡി നേതാവ് തേജശ്വി യാദവ്, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, സി.പി.എം ദേശീയ ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്‍.സി.പി തലവന്‍ ശരദ് പവാര്‍,മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, മാത്യു ടി തോമസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. എന്നാല്‍ ബി.ജെ.പി നേതാക്കളാരും ചടങ്ങില്‍ പങ്കെടുത്തില്ല.
കോണ്‍ഗ്രസിന് 22 മന്ത്രിസ്ഥാനവും ജെ.ഡി.എസിന് മുഖ്യമന്ത്രി ഉള്‍പ്പെട്ടെ 12 മന്ത്രിമാരുമെന്നാണ് ധാരണ. ഇവര്‍ പിന്നീടാണ് സത്യപ്രതിജ്ഞ ചെയ്യുക. രണ്ട് ഉപമുഖ്യമന്ത്രിമാരെന്ന ആവശ്യം കോണ്‍ഗ്രസ് ഉന്നയിച്ചെങ്കിലും തീരുമാനമായിട്ടില്ല. മുതിര്‍ന്ന കോണ്‍ഗ്രസ് എം.എല്‍.എ രമേശ് കുമാറാണ് സ്പീക്കര്‍ സ്ഥാനാര്‍ഥി. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ജനതാദളിനാണ്.