നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയാഹ്ലാദം പങ്കുവെച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി

 

ന്യൂഡല്‍ഹി: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ ബി.ജെ.പി വിജയത്തില്‍ സന്തോഷം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റിലേക്ക് കയറും മുന്‍പ് മാധ്യമങ്ങളെ നോക്കി വിജയചിഹ്നം കാട്ടിയായിരുന്നു മോദി സന്തോഷം പങ്കിട്ടത്. അതേസമയം പ്രധാനമന്ത്രി മാധ്യമങ്ങളോട് സംസാരിച്ചില്ല

 

ഗുജറാത്തിലും ഹിമാചലിലും ബി.ജെ.പി വിജയിക്കുമെന്നും കൃത്യമായ ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഗുജറാത്ത്, ഹിമാചല്‍ സംസ്ഥാനങ്ങളിലെ അന്തിമ ഫലം പുറത്തുവരും മുമ്പെ ബി.ജെ.പി പാര്‍ട്ടി ആസ്ഥാനത്ത് ആഘോഷം ആരംഭിച്ചിട്ടുണ്ട്. ബി.ജെ.പി ഓഫീസിന് മുന്നില്‍ പടക്കംപൊട്ടിച്ചും ലഡുവിതരണം ചെയ്തുമാണ് പ്രവര്‍ത്തകര്‍ വിജയം ആഘോഷിക്കുന്നത്.

ഗുജറാത്തില്‍ മുഖ്യമന്ത്രി വിജയ് രൂപാണിക്ക് ജയവും പ്രവര്‍ത്തകര്‍ ആഘോഷിക്കുകയാണ്. രാജ്‌കോട്ട് വെസ്റ്റിലാണ് രൂപാണി മത്സരിച്ചത്. തുടക്കത്തില്‍ കോണ്‍ഗ്രസിന്റെ ഇന്ദ്രാനില്‍ രാജ്ഗുരുവിന്റെ പിന്നിലായിരുന്നു രൂപാണി.

നിലവില്‍ ബി.ജെ.പി 103, കോണ്‍ഗ്രസ് 77, മറ്റുള്ളവര്‍ 2 എന്നിങ്ങനെയാണ് ലീഡ് നില.