മന്‍ കി ബാത്തില്‍ പുതിയ ‘തള്ളു’മായി മോദി; പരിഹസിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍

കൊല്‍ക്കത്ത: പ്രധാനമന്ത്രിയുടെ പ്രതിമാസ പ്രക്ഷേപണ പരിപാടിയായ മന്‍കി ബാത്തില്‍ പുതിയ അവകാശവാദവുമായി നരേന്ദ്ര മോദി രംഗത്ത്. തന്റെ കുട്ടിക്കാലത്ത് ദിവസവും പുലര്‍ച്ചെ അഞ്ചരയ്ക്ക് ആകാശവാണിയിലെ രബീന്ദ്രസംഗീതം കേള്‍ക്കാറുണ്ടെന്നായിരുന്നു പ്രധാനമന്ത്രിയുടെ പുതിയ ‘തള്ള്’. അതേസമയം അകാശവാണി ഇതുവരെ പുലര്‍ച്ചെ അഞ്ചരയ്ക്ക് രബീന്ദ്ര സംഗീതം കേള്‍പ്പിച്ചിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഇതോടെ മന്‍ കി ബാത്തില്‍ പറയുന്ന കാര്യങ്ങള്‍ക്കൊന്നും സത്യവുമായി ബന്ധമില്ലെന്ന വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി

കുട്ടിക്കാലത്ത് എല്ലാദിവസവും പുലര്‍ച്ചെ അഞ്ചരയ്ക്ക് റേഡിയോയില്‍ രബീന്ദ്ര സംഗീതം കേള്‍പ്പിക്കും, നേരത്തെ എഴുന്നേറ്റ് അതു കേള്‍ക്കുന്ന ശീലം എന്നിക്കുണ്ടായിരുന്നു. എന്നാല്‍ ആ സംഗീതത്തിന്റെ ഭാഷയായ ബംഗാളി എനിക്കറിയില്ല” – ഇങ്ങനെയായിരുന്നു മന്‍കി ബാത്തിലെ മോദിയുടെ പരാമര്‍ശം.

മോദിയുടെ പരാമര്‍ശത്തിനു പിന്നാലെ ആകാശവാണിയുടെ കൊല്‍ക്കത്ത സ്റ്റേഷന്‍ മുന്‍ അസി. ഡയറക്ടര്‍ ജഗന്നാഥ് ബസു പ്രതികരണവുമായി രംഗത്തെത്തി. പ്രധാനമന്ത്രിയുടെ കുട്ടിക്കാലത്ത് ഏതെങ്കിലും റേഡിയോ സ്റ്റേഷന്‍ പുലര്‍ച്ചെ അഞ്ചരയ്ക്ക് രബീന്ദ്ര സംഗീതം കേള്‍പ്പിച്ചതായി തന്റെ അറിവില്‍ ഇല്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. പ്രധാനമന്ത്രി പറയുന്നതും ചെയ്യുന്നതും തമ്മില്‍ ബന്ധമൊന്നുമില്ല എന്നതാണ് മന്‍ കി ബാത്തിലെ പരാമര്‍ശത്തിലൂടെ വ്യക്തമാവുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ പാര്‍ഥ ചാറ്റര്‍ജി പറഞ്ഞു. രബീന്ദ്ര സംഗീതം എപ്പോഴാണ് കേള്‍പ്പിക്കുന്നത് എന്നെങ്കിലും മോദി അന്വേഷിക്കേണ്ടതായിരുന്നു. ഏതു സ്റ്റേഷനെക്കുറിച്ചാണ് പ്രധാനമന്ത്രി പറയുന്നതെന്ന് അറിയില്ലെന്നും പാര്‍ഥ ചാറ്റര്‍ജി പരിഹസിച്ചു.

ഏതു സ്റ്റേഷനിലാണ് പുലര്‍ച്ചെ അഞ്ചരയ്ക്ക് രബീന്ദ്ര സംഗീതം കേള്‍പ്പിക്കുന്നതെന്ന് വിവരാവകാശ നിയമപ്രകാരം ചോദിച്ചാല്‍ മറുപടി ലഭിക്കുമായിരിക്കുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ആധിര്‍ രഞ്ജന്‍ ചൗധരിയും മോദിയെ പരിഹസിച്ചു. അതേസമയം പ്രധാനമന്ത്രിയുടെ ചെറുപ്പകാലത്ത് രബീന്ദ്ര സംഗീതം കേള്‍പ്പിച്ചിരുന്നത് എപ്പോഴാണെന്ന് എങ്ങനെ അറിയാനാവുമെന്നാണ് ബിജെപി നേതാവ് സായന്തന്‍ ബസു പ്രതികരിച്ചത്. മറ്റു വിഷയങ്ങളൊന്നുമില്ലാതെ അനാവശ്യ വിവാദമുണ്ടാക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികളെന്ന് ബസു കുറ്റപ്പെടുത്തി.