അബ്ദുല്‍ കലാം ആസാദിന് ജന്മദിനാശംസകള്‍ നേര്‍ന്ന് നരേന്ദ്ര മോദി

ന്യൂഡല്‍ഹി: സ്വാതന്ത്ര്യ സമര സേനാനിയും സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന മൗലാനാ അബ്ദുല്‍ കലാം ആസാദിന്റെ ജന്മദിനത്തില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൗലാനാ ആസാദിനും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജിവാത്‌റാം ഭഗവാന്‍ദാസ് കൃപലാനിക്കും (ജെ.ബി കൃപലാനി) ഒന്നിച്ചാണ് മോദി തന്റെ വ്യക്തിപരമായ പ്രൊഫൈലില്‍ നിന്ന് ആശംസ നേര്‍ന്നിരിക്കുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദും അബ്ദുല്‍ കലാം ആസാദിന്റെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്നു. ആസാദിന്റെ ജന്മദിനമായ നവംബര്‍ 11 ആണ് രാജ്യത്ത് വിദ്യാഭ്യാസ ദിനമായി ആഘോഷിക്കുന്നത്.

മുസ്ലിം ആഘോഷങ്ങള്‍ക്ക് പലപ്പോഴും ആശംസകള്‍ നേരാറില്ലാത്ത നരേന്ദ്ര മോദി, കോണ്‍ഗ്രസിന്റെ മുസ്ലിം മുഖമായ ആസാദിന് ജന്മദിനാശം നേര്‍ന്നത് കൗതുകമായി. ‘ഇന്ത്യന്‍ ചരിത്രത്തിലെ അതികായന്‍’ എന്നാണ് മോദി ആസാദിനെ വിശേഷിപ്പിച്ചത്.

‘ഇന്ത്യന്‍ ചരിത്രത്തിലെ രണ്ട് അതികായന്മാരായാ മൗലാനാ അബ്ദുല്‍ കലാം ആസാദിനും ആചാര്യ ജെ.ബി കൃപലാനിക്കും അവരുടെ ജന്മദിന വാര്‍ഷികത്തില്‍ ശ്രദ്ധാഞ്ജലികള്‍. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലും അതിനു ശേഷവും ഇരുവരുടെയും സംഭാവനകള്‍ രാഷ്ട്ര നിര്‍മാണത്തില്‍ വളരെയധികം ഉപകാരപ്രദമായിരുന്നു’ എന്നായിരുന്നു മോദിയുടെ ട്വീറ്റ്.

സ്വാതന്ത്ര്യ സമര പോരാളി, നമ്മുടെ സമന്വയ പാരമ്പര്യത്തിന്റെ ചിഹ്നം എന്നിങ്ങനെയാണ് രാഷ്ട്രപതി മൗലാനാ ആസാദിനെ വിശേഷിപ്പിച്ചത്.