ന്യൂഡല്‍ഹി: സര്‍വീസുകളില്‍ വിമാനത്തിലെ മദ്ധ്യഭാഗത്തെ സീറ്റില്‍ യാത്ര അനുവദിക്കരുതെന്ന് സുപ്രിംകോടതി. വിഷയത്തില്‍ ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ശരിവച്ചാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അദ്ധ്യക്ഷനായ ബഞ്ചിന്റെ ഇടപെടല്‍. വാണിജ്യ വിമാനക്കമ്പനികളുടെ നഷ്ടത്തെ കുറിച്ചല്ല, ജനങ്ങളുടെ ആരോഗ്യത്തെ കുറിച്ചാണ് സര്‍ക്കാറിന് ആശങ്ക വേണ്ടതെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ ജൂണ്‍ ആറു വരെ എല്ലാ സീറ്റിലും കോടതി യാത്ര അനുവദിച്ചു. യാത്രക്കാരുടെ സൗകര്യവും വിദേശത്ത് കുടുങ്ങിയ ഇന്ത്യയ്ക്കാരുടെ നിലവിലെ സാഹചര്യവും പരിഗണിച്ച് അതുവരെ ബുക്ക് ചെയ്ത യാത്രകള്‍ കോടതി അനുവദിക്കുകയായിരുന്നു.
ബോംബെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാറും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനുമാണ് (ഡി.ജി.സി.എ) സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. നടുവിലെ സീറ്റ് ഒഴിച്ചിടണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം. മാര്‍ഗനിര്‍ദേശങ്ങളില്‍ ആറടി സാമൂഹിക അകലം നിലനിര്‍ത്തണമെന്ന് നിര്‍ബന്ധം പിടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ വിമാനങ്ങളില്‍ സാമൂഹിക അകലം പാലിക്കേണ്ട ആവശ്യമില്ലെന്ന് എന്തടിസ്ഥാനത്തിലാണ പറയുന്നതെന്ന് ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, ഹൃഷികേശ് റോയ് എന്നിവര്‍ അടങ്ങിയ ബെഞ്ച് ചോദിച്ചു. വിമാനത്തിന് അകത്ത് രോഗം പടര്ത്തിക്കൂടാ എന്ന് വൈറസിനറിയാമോ എന്നും ചീഫ് ജസ്റ്റിസ് പരിഹസിച്ചു.
ആഭ്യന്തര വിമാന സര്‍വ്വീസുകളിലും നടുവിലെ സീറ്റുകള്‍ ഒഴിച്ചിടണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഒരു വ്യത്യാസവും ഉണ്ടാകരുത്. സാമൂഹിക അകലം പാലിക്കുന്നത് പ്രധാനമാണെന്നത് സാമാന്യ ബുദ്ധിയാണെന്നും കോടതി പറഞ്ഞു.
വിദഗ്ദ്ധരുടെ അഭിപ്രായം അനുസരിച്ചാണ് നടുവിലെ സീറ്റ് ഒഴിച്ചിടേണ്ടതില്ല എന്ന തീരുമാനമെടുത്തത് എന്ന് കേന്ദ്രസര്‍ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. ജൂണ്‍ ആറു വരെ എല്ലാ വിമാനത്തിലും നടുവിലെ സീറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്നും മേത്ത അറിയിച്ചു. എന്നാല്‍ ആറിന് ശേഷം ബുക്കിങ് വേണ്ട എന്ന് ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ബഞ്ചിനു വേണ്ടി ചീഫ് ജസ്റ്റിസ് വിധി വായിച്ചു. ഈ വേളയില്‍ സോളിസിറ്റര്‍ ജനറല്‍ ഇടപെട്ടു. ഇതിനോടാണ് ചീഫ് ജസ്റ്റിസ് രൂക്ഷമായി പ്രതികരിച്ചത്.
‘നിങ്ങള്‍ എന്തിനാണ് എതിര്‍ക്കുന്നത്? എന്താണ് ചെയ്യുന്നത് എന്ന് ഞങ്ങള്‍ക്കറിയാം. ജനങ്ങളുടെ ആരോഗ്യത്തെ കുറിച്ചാണ് നിങ്ങള്‍ക്ക് ഉത്കണ്ഠ വേണ്ടത്. വാണിജ്യ എയര്‍ലൈന്‍സുകളുടെ ആരോഗ്യത്തെ കുറിച്ചല്ല. എന്തെങ്കിലും വാദിക്കാനുണ്ടെങ്കില്‍ ബോംബെ ഹൈക്കോടതിക്ക് മുമ്പില്‍ പോയി വാദിക്കൂ. ഇപ്പോള്‍ ഇടപെടരുത്’ – ചീഫ് ജസ്റ്റിസ് പറഞ്ഞു.
മെയ് 22നാണ് വിമാനങ്ങളിലെ നടുവിലെ സീറ്റ് ഒഴിച്ചിടണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് ആര്.ഡി ധനുക, അഭയ് അഹുജ എന്നിവര്‍ അടങ്ങുന്ന ഡിവിഷന് ബഞ്ചിന്റേതായിരുന്നു വിധി. മദ്ധ്യഭാഗത്തെ സീറ്റുകള്‍ ഒഴിച്ചിടണമെന്ന കോവിഡ് 19 മാര്‍നിര്‍ദ്ദേശങ്ങള്‍ എയര്‍ലൈന്‍സുകള്‍ ലംഘിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യ പൈലറ്റ് ദേവന് കെ കനാനി എന്നയാളാണ് കോടതിയെ സമീപിച്ചിരുന്നത്.