‘മുസ്‌ലിം ആയി മതംമാറിയതു കൊണ്ടാണ് എന്റെ വിവാഹം ഇത്രയധികം ചര്‍ച്ച ചെയ്യപ്പെട്ടത്’; ഹാദിയയുടെ വാര്‍ത്താസമ്മേളനം

കോഴിക്കോട്: സാധാരണക്കാരിയായ തന്റെ വിവാഹം ഇത്രയധികം ചര്‍ച്ച ചെയ്യപ്പെട്ടത് മുസ്‌ലിമായി മതം മാറിയതു കൊണ്ടാണെന്ന് ഹാദിയ.

വിവാഹം സാധുവാക്കി സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചതിനു പിന്നാലെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം കോഴിക്കോട്ടെത്തിയ ഹാദിയ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

മതംമാറുന്ന എല്ലാവര്‍ക്കും സമൂഹം ഇത്രയധികം ദുരിതം സമ്മാനിക്കാറുണ്ടോയെന്നും ഹാദിയ ചോദിച്ചു. സ്വാതന്ത്ര്യം ലഭിച്ചതില്‍ അത്യന്തം സന്തോഷമുണ്ടെന്നും സുപ്രീംകോടതി വരെ നിയമപോരാട്ടം നടത്താന്‍ പിന്തുണ നല്‍കിയവരോട് നന്ദി അറിയിക്കുന്നതായും ഹാദിയയും ഭര്‍ത്താവ് ഷെഫിന്‍ ജഹാനും പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് ദേശീയ പ്രസിഡന്റ് ഇ.അബൂബക്കറിനെ സന്ദര്‍ശിച്ച ശേഷമാണ് ഇരുവരും മാധ്യമങ്ങളെ കണ്ടത്.

മാതാപിതാക്കളെയും ബന്ധുക്കളെയും കാണുന്നതിന് നാട്ടിലേക്ക് തിരിക്കുകയാണെന്നും മറ്റന്നാള്‍ വിശദമായ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് കേസിനെക്കുറിച്ച് എല്ലാ കാര്യങ്ങളും തുറന്നു പറയുമെന്നും ഹാദിയ പ്രതികരിച്ചു.
ഇന്നലെയാണ് സേലത്തെ കോളജില്‍ നിന്നും ഹാദിയ ഷെഫിന്‍ ജഹാനൊപ്പം കേരളത്തിലെത്തിയത്.

SHARE