റോഹിന്‍ഗ്യന്‍ വംശഹത്യ: മ്യാന്മര്‍ പ്രസിഡന്റ് രാജിവെച്ചു

യാങ്കൂണ്‍: മ്യാന്മര്‍ പ്രസിഡന്റ് ഹിതിന്‍ ക്യാവ് രാജിവെച്ചു. ശാരീരിക പ്രശ്‌നങ്ങളാണണ് രാജിക്ക് കാരണമെന്ന് പ്രസിഡന്റിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട പ്രസ്താവന സൂചിപ്പിക്കുന്നു. 71കാരനായ പ്രസിഡന്റിന് വിശ്രമം ആവശ്യമാണെന്നാണ് ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ റോഹിന്‍ഗ്യ വിഷയത്തില്‍ നേരിടുന്ന അന്താരാഷ്ട്ര വിമര്‍ശനങ്ങളാണ് പെട്ടെന്നുള്ള രാജിക്കുള്ള കാരണമായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുവരെ വൈസ് പ്രസിഡന്റ് മിയിന്റ് സ്യൂ പ്രസിഡന്റിന്റെ ചുമതല വഹിക്കും.

മ്യാന്മര്‍ നേതാവ് ആങ് സാന്‍ സൂകിയുടെ വിശ്വസ്തനാണ് ഹിതിന്‍ ക്യാവ്. പതിറ്റാണ്ടുകള്‍ നീണ്ട പട്ടാള ഭരണത്തിനൊടുവില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സൂകിയുടെ നാഷണല്‍ ലീഗ് പോര്‍ ഡെമോക്രസി(എന്‍.എല്‍.ഡി) അധികാരത്തിലെത്തുകയായിരുന്നു. പക്ഷെ, മ്യാന്മര്‍ ഭരണഘടനപ്രകാരം വിദേശപൗരത്വമുള്ള മക്കളോ ജീവിത പങ്കാളിയോ ഉള്ള ആള്‍ക്ക് പ്രസിഡന്റാകാന്‍ സാധിക്കാത്തതുകൊണ്ട് സൂകിക്ക് പ്രസിഡന്റാകാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് വിശ്വസ്തനായ ക്യാവിനെ സൂകി പ്രസിഡന്റായി അവരോധിച്ചത്. പകരം പ്രധാനമന്ത്രിക്ക് തുല്യമായ സ്റ്റേറ്റ് കൗണ്‍സിലര്‍ പദവി സൃഷ്ടിച്ച് അതില്‍ സൂകിയെ നിയമിക്കുകയായിരുന്നു. സൂകിയാണ് ഭരണപരമായ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത്. ഏഴു ദിവസത്തിനകം പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും.

റാഖൈനില്‍ റോഹിന്‍ഗ്യ മുസ്്‌ലിംകളെ ആട്ടിയോടിച്ച സൈനിക നടപടിയുടെ പേരില്‍ സൂകിയും ഭരണകൂടവും കടുത്ത വിമര്‍ശനമാണ് നേരിടുന്നു. വംശഹത്യയെന്ന് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ച റോഹിന്‍ഗ്യ വേട്ടയുടെ പശ്ചാത്തലത്തില്‍ സൂകിയുടെ പ്രതിച്ഛായ അന്താരാഷ്ട്രതലത്തില്‍ ഇടിഞ്ഞിരിക്കുകയാണ്. സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം സൂകിയില്‍നിന്ന് തിരിച്ചുവാങ്ങണമെന്ന് പോലും മുറവിളി ഉയര്‍ന്നിട്ടുണ്ട്.