രാഷ്ട്രപതി പങ്കെടുത്ത ബിരുദദാന ചടങ്ങില്‍ ഹിജാബ് ധരിച്ച മലയാളി വിദ്യാര്‍ത്ഥിനിയെ പുറത്താക്കി

ചെന്നൈ: രാഷ്ട്രപതി പങ്കെടുത്ത ബിരുദദാന ചടങ്ങില്‍ ഹിജാബ് ധരിച്ച മലയാളി വിദ്യാര്‍ത്ഥിനിയെ പുറത്താക്കിയതായി റിപ്പോര്‍ട്ട്. പോണ്ടിച്ചേരി സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങിനിടെയാണ് ഹിജാബ് ധരിച്ച എം എ മാസ് കമ്യൂണിക്കേഷന്‍ സ്വര്‍ണമെഡല്‍ ജേതാവായ റബീഹയെ പുറത്താക്കിയത്. രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങില്‍ ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന് മലയാളി കൂടിയായ റബീഹയെ അറിയിക്കുകയായിരുന്നു. ഹിജാബ് നീക്കം ചെയ്യാന്‍ വിസമ്മതിച്ചതോടെ ബിരുദദാന ചടങ്ങ് നടക്കുന്ന ഹാളിന് പുറത്താക്കുകയായിരുന്നെന്ന് ചൂണ്ടികാട്ടി റബീഹ തന്നെ രംഗത്തെത്തി. രാഷ്ട്രപതിയുടെ സുരക്ഷാ ഭടന്മാരാണ് വിദ്യാര്‍ത്ഥിനിയോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടതെന്നാണ് വിവരം.

189 പേരില്‍ തിരഞ്ഞെടുത്ത പത്ത് പേര്‍ക്ക് മാത്രം നേരിട്ട് ബഹുമതി സമ്മാനിച്ച ശേഷം രാഷ്ട്രപതി രാം നാഥ് കോവിന്ദ് മടങ്ങിയ ശേഷമാണ് റബീഹക്ക് ഹാളില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചതെന്ന് റബീഹ പറഞ്ഞു. തനിക്ക് നേരിട്ട മനോവിഷമത്തേക്കുറിച്ച് സര്‍വ്വകലാശാല അധികൃതരോട് വിശദമാക്കിയെന്ന് റബീഹ പറഞ്ഞു. പ്രതിഷേധ സൂചകമായി സ്വര്‍ണ മെഡല്‍ നിരസിച്ചെന്നും റബീഹ വ്യക്തമാക്കി. അതേസമയം പോണ്ടിച്ചേരി സര്‍വകലാശാലയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുത്ത ബിരുദദാന ചടങ്ങ് മൂന്ന് വിദ്യാര്‍ത്ഥികള്‍ ബഹിഷ്‌കരിച്ചു. പൗരത്വ ഭേദഗതി നിയമത്തിലും, സര്‍വകലാശാലകളിലെ പൊലീസ് നടപടികളിലും പ്രതിഷേധിച്ചാണ് ചടങ്ങ് ബഹിഷ്‌കരിച്ചത്.

ഇലക്ട്രോണിക്‌സ് മീഡിയ ഒന്നാം റാങ്കുകാരി കാര്‍ത്തിക, പിഎച്ച്ഡി ജേതാക്കളായ അരുണ്‍കുമാര്‍, മെഹല്ല എന്നിവരാണ് ചടങ്ങ് ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചത്. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് സര്‍വകലാശാലയില്‍ ഒരുക്കിയിരുന്നത്. കേന്ദ്ര സേനയുടെ വലയത്തിലായിരുന്നു സര്‍വകലാശാല പരിസരം. മൊബൈല്‍ ഫോണ്‍ പോലും ഹാളിനുള്ളില്‍ അനുവദിച്ചിരുന്നില്ല.

SHARE