ദേശീയ സുരക്ഷയെ ബാധിച്ചതായി തോന്നുന്ന കൊറോണ വൈറസ് പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ സൈനിക പരിശീലനം സമഗ്രമായി ശക്തിപ്പെടുത്താനും യുദ്ധത്തിന് തയ്യാറാകാനും ചൈന സായുധ സേനയോട് നിര്‍ദ്ദേശിച്ച് ചൈനീസ് പ്രസിഡന്റ് സിന് ജിന്‍പിങ്.
കോവിഡ് മഹാമാരി വിഷയത്തില്‍ അമേരിക്കയടക്കം ലോക രാജ്യങ്ങളെല്ലാം ചൈനക്കെതിരെ വാളോങ്ങി നില്ക്കുന്ന സാഹചര്യത്തില്‍ ചൈനീസ് സ്റ്റേറ്റ് മീഡിയയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് യുദ്ധ നീക്കം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ”സൈനിക പരിശീലനത്തെ സമഗ്രമായി ശക്തിപ്പെടുത്താനും യുദ്ധത്തിന് തയ്യാറെടുക്കാനും” ”ദേശീയ പരമാധികാരത്തെ ദൃഢനിശ്ചയത്തോടെ സംരക്ഷിക്കാനും” ”തന്ത്രപരമായ സ്ഥിരതയെ സംരക്ഷിക്കാനും” ചൈനീസ് പ്രസിഡന്റ് സിന് ജിന്‍പിംഗ് ചൊവ്വാഴ്ച സായുധ സേനയോട് നിര്‍ദ്ദേശിച്ചതായി ദി ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.്
കോവിഡ് വൈറസുമായി ബന്ധപ്പെട്ട് യുഎസുമായുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍, ചൈനീസ് രാഷ്ട്രീയക്കാര്‍ തായ്വാനെ പരാമര്‍ശിച്ച് നടത്തിയ പ്രസംഗങ്ങള്‍, ഹോങ്കോങ്ങില്‍ പുതുക്കിയ പ്രതിഷേധങ്ങള്‍ എന്നിവയ്ക്കിടയിലാണ് ചൈനീസ് പ്രസിഡണ്ടിന്റ പുതിയ യുദ്ധവിളി. കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ സംഘര്‍ഷങ്ങള്‍ രൂക്ഷമായതിനെത്തുടര്‍ന്ന് ഇന്ത്യയുമായുള്ള ബന്ധം വഷളായ സമയത്താണ് ചൈനീസ് പ്രസിഡന്റിന്റെ നിര്‍ദ്ദേശമെന്നതും ശ്രദ്ധേയമാണ്. ഇരുരാജ്യങ്ങളും തമ്മിൽ അതിര്‍ത്തിയിൽ ഏറ്റുമുട്ടലിനു കളമൊരുങ്ങിയ സാഹചര്യത്തിൽ ഇരു വ്യോമസേനകള്‍ തമ്മിൽ കൊമ്പുകോര്‍ക്കാനും സാധ്യതയുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്പായപ്പെടുന്നത്. ഇതിനോടകം തന്നെ നൂറു കണക്കിന് ചൈനീസ് സൈനികര്‍ ആക്ച്വൽ ലൈൻ ഓഫ് കൺട്രോള് മുറിച്ചു കടക്കുകയോ ലൈനിനു സമീപം എത്തുകയോ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇന്ത്യന്‍ അതിര്‍ത്തിയ്ക്ക് അടുത്ത് സൈന്യത്തിനായി വന്‍ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ചൈന നടത്തുന്നത്. മെയ് മാസം ആദ്യം ഇരു രാജ്യങ്ങളുടെയും സൈനികര്‍ തമ്മില്‍ കൊമ്പുകോര്‍ത്ത പാങ്കോങ് തടാകത്തില്‍ നിന്ന് 200 കിലോമീറ്റര്‍ മാറി ചൈനീസ് ഭാഗത്താണ് വലിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ടിബറ്റിലെ ങാരി ഗുന്‍സ വിമാനത്താവളത്തോടു ചേര്‍ന്നാണ് ചൈനീസ് വ്യോമസേനയ്ക്കു വേണ്ടിയുള്ളതെന്നു കരുതപ്പെടുന്ന വലിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മറ്റ് രാഷ്ട്രീയ നേതാക്കളും കോവിഡ് പകര്‍ച്ചവ്യാധിയില്‍ ചൈനയെ കുറ്റപ്പെടുത്തി രംഗത്തെത്തിയതോടെ യുഎസ്-ചൈന ബന്ധം കൂടുതല്‍ വഷളായിരുന്നു. രണ്ട് ദിവസം മുമ്പ്, ചൈനീസ് നയതന്ത്രജ്ഞന് വാങ് യി യുഎസിനെതിരെ രംഗത്തെത്തുകയും അമേരിക്ക കാര്യങ്ങള്‍ ഒരു പുതിയ ശീതയുദ്ധത്തിന്റെ വക്കിലെത്തിച്ചതായും ആരോപിച്ചിരുന്നു.
നിരവധി രാജ്യങ്ങള്‍ വൈറസ് വിഷയത്തില്‍ ചൈനയെ ചോദ്യം ചെയ്തും രംഗത്തെത്തിയിരുന്നു. ഇതിനിടെ ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ബീജിംഗിലെ കപ്പല്‍ശാലയില്‍ നിന്നും വിമാനവാഹിനികപ്പല്‍ പുറപ്പെടുന്നതായ ”സ്ഥിരീകരിക്കാത്ത” ഫോട്ടോകളും വീഡിയോയും പുറത്തുവന്നിരുന്നു.
updating….