കോവിഡ് കാലത്തെ ഫുട്‌ബോള്‍; പുതിയ നിയമങ്ങളുമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്

കോവിഡ് 19 മഹാമാരി കാലത്തെ ഫുട്‌ബോളിനായി പുതിയ നിയമങ്ങള്‍ അവതരിപ്പിച്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്. ആഴ്ചയില്‍ രണ്ട് കോവിഡ് -19 ടെസ്റ്റുകള്‍, യാത്രകള്‍ ഒറ്റയ്ക്കാക്കുക, പിച്ചുകള്‍ അണുവിമുക്തമാക്കുക, കളിക്കിടയിലെ ഫൗള്‍പ്ലേകളും ടാക്ലിങ്ങും നിരോധിക്കുക തുടങ്ങിയവയാണ് പുതിയ നിയമങ്ങള്‍. ഇത്തരം പുതിയ നിയമങ്ങളുമായി ഔദ്യോഗിക പ്രോട്ടോക്കോള്‍ പ്രീമിയര്‍ ലീഗ് കളിക്കാര്‍ക്കും മാനേജര്‍മാര്‍ക്കും അയച്ചതായാണ് വിവരം. പിച്ചുകള്‍, കോര്‍ണര്‍ ഫ്‌ലാഗുകള്‍, കോണുകള്‍, ഗോള്‍പോസ്റ്റുകള്‍ എന്നിവ അണുവിമുക്തമാക്കേണ്ടിവരുമെന്നും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

പ്രൊഫഷണല്‍ ഫുട്‌ബോളേഴ്‌സ് അസോസിയേഷന്‍ വഴി പരിശീലനത്തിലേക്ക് മടങ്ങിവരുന്നതിനായി ലീഗ് അതിന്റെ പ്രോട്ടോക്കോളുകള്‍ ഓരോ ക്ലബ് ക്യാപ്റ്റനും പിഎഫ്എ പ്രതിനിധിക്കും അയച്ചിട്ടുണ്ട്. ഇത് സ്‌ക്വാഡുകള്‍ക്കിടയില്‍ അവതരിപ്പിക്കാനും ചര്‍ച്ച ചെയ്യാനും ആവശ്യപ്പെടുന്നുമുണ്ട്. ജൂണ്‍ പകുതിയോടെ സീസണ്‍ പുനരാരംഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പുതിയ നിയമങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുമ്പോള്‍ ക്ലബ് പരിശീലന മൈതാനങ്ങളില്‍ കളിക്കാര്‍ വീട്ടിലുണ്ടായിരുന്നതിനേക്കാള്‍ സുരക്ഷിതരാണെന്ന് കാണിക്കാന്‍ പ്രീമിയര്‍ ലീഗ് ശ്രമിക്കും. ബുധനാഴ്ച രാവിലെ ചേര്‍ന്ന പ്രത്യേക മീറ്റിംഗില്‍ ഇക്കാര്യങ്ങള്‍ സംസാരിച്ചതായും ഉച്ചതിരിഞ്ഞ് വിഷയത്തില്‍ ഒരു സുപ്രധാന കോണ്‍ഫറന്‍സ് കോളിന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

മീറ്റിംഗില്‍ ലീഗ് ക്യാപ്റ്റന്‍മാരെയോ പ്രതിനിധികളെയോ അവരുടെ കാര്യങ്ങള്‍ സംസാരിക്കാന്‍ ക്ഷണിക്കും. ഓരോ ക്ലബ്ബിന്റെയും മാനേജരുമായി ലീഗ് സംസാരിക്കും, ലീഗ് മാനേജര്‍മാരുടെ അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് റിച്ചാര്‍ഡ് ബെവാനും പങ്കെടുക്കും.

അതേസമയം, കോവിഡ് കാലത്തെ കഴിക്കെതിരെ ചിലര്‍ രംഗത്തെത്തിയതായും റിപ്പോര്‍ട്ടുണ്ട്. തങ്ങള്‍ക്കും കുടുംബത്തിനും മറ്റും അപകടമുണ്ടാക്കുമെന്ന ആശങ്കയാണ് ഇവര്‍ ഉയര്‍ത്തുന്നത്. സുപ്രധാന കോണ്‍ഫറന്‍സ് കോളില്‍ കളിക്കാരുടെ സുരക്ഷാ ആശങ്കകള്‍ ലഘൂകരിക്കാനാവുമെന്നാണ് പ്രീമിയര്‍ ലീഗ് പ്രതീക്ഷിക്കുന്നത്.