നാട്ടിലേക്കു നടക്കവേ കുടിയേറ്റ തൊഴിലാളി വഴിയില്‍ പ്രസവിച്ചു; പിന്നാലെ 150 കിലോമീറ്റര്‍ കൂടി നടന്ന് യുവതി

ഇന്റോര്‍: മഹാരാഷ്ട്രയില്‍ നിന്ന് മധ്യപ്രദേശിലെ ഗ്രാമത്തിലേക്ക് നടക്കുകയായിരുന്ന ഗര്‍ഭിണിയായ കുടിയേറ്റ തൊഴിലാളി വഴിയില്‍ പ്രസവിച്ചു. പ്രസവശേഷം 2 മണിക്കൂര്‍ വിശ്രമിച്ച യുവതി പിന്നാലെ 150 കിലോമീറ്റര്‍ കൂടി നടന്നുവെന്നും റിപ്പോര്‍ട്ട്.

മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും മധ്യപ്രദേശിലെ സത്നയിലുള്ള അവരുടെ വീട്ടിലേക്ക് നടക്കാന്‍ തുടങ്ങിയത്. ദീര്‍ഘദൂരമുളള കഠിനമായ യാത്രക്കിടെ ചൊവ്വാഴ്ച യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. മറ്റൊരു സൗകര്യവും ഇല്ലാതിരിക്കെ യുവതി വഴിയെ പ്രസവിക്കുകയായിരുന്നു. ‘അവള്‍ പ്രസവിച്ച ശേഷം ഞങ്ങള്‍ രണ്ട് മണിക്കൂര്‍ വിശ്രമിച്ചു, തുടര്‍ന്ന് ഞങ്ങള്‍ 150 കിലോമീറ്ററെങ്കിലും നടന്നുവെന്നും ഭര്‍ത്താവ് പറഞ്ഞു.

അതേസമയം യുവതിയെ സത്ന ബ്ലോക്കില്‍ വെച്ച് പരിശോധനക്ക് വിധേയയാക്കി.”ഭരണകൂടം അവര്‍ക്കായി അതിര്‍ത്തിയില്‍ ബസ് ഒരുക്കിയിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും, അന്‍ചെരയിലെത്തിയപ്പോള്‍ അവരെ ആസ്പത്രിയിലെത്തിച്ചതെന്നും ഡോക്ടര്‍ പറഞ്ഞു. എല്ലാ പരിശോധനകളും നടത്തിയതായും അമ്മയും കുഞ്ഞും ആരോഗ്യമായി നില്‍ക്കുന്നതായും, സത്ന ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ എ.കെ റേ പറഞ്ഞു.

സമാനമായ ഒരു സംഭവം, മെയ് ആദ്യം തെലങ്കാനയില്‍ നിന്ന് ഛത്തീസ്ഗണ്ഡിലെ വീട്ടിലേക്ക് മടങ്ങിയ മറ്റൊരു ഗര്‍ഭിണിയായ കുടിയേറ്റ തൊഴിലാളിക്കുമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. വീട്ടിലേക്ക് നടക്കുന്നതിനിടെ യുവതി വഴിയില്‍ പ്രസവിക്കാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു. തെലങ്കാനയിലെ സംഗറെഡി ജില്ലയില്‍ നിന്ന് ഛത്തീസ്ണ്ഡിലെ സ്വന്തം ഗ്രാമമായ രാജ്നന്ദ്ഗാവിലേക്ക് കുടുംബത്തോടൊപ്പം കാല്‍നടയായി യാത്ര ചെയ്യുകയായിരുന്നു യുവതി.

ലോക്ക്ഡൗണ്‍ നഗരങ്ങളിലെ ജീവിതവും ഉപജീവനവും നിര്‍ത്തലാക്കിയതിനാല്‍ കുടിയേറ്റ തൊഴിലാളികള്‍ക്കായി നാട്ടിലേക്ക് മടങ്ങാന്‍ സര്‍ക്കാര്‍ ശ്രാമിക് പ്രത്യേക ട്രെയിനുകള്‍ ആരംഭിച്ചുവെങ്കിലും ആയിരക്കണക്കിന് ആളുകള്‍ക്ക് ഇപ്പോഴും ട്രെയിനുകള്‍ കിട്ടാകനിയാണ്. മറ്റൊരു മാര്‍ഗവുമില്ലാതിരിക്കെയാണ് രാജ്യത്തുടനീളമുള്ള പാവപ്പെട്ട കുടിയേറ്റക്കാര്‍ നാട്ടിലേക്ക് കാല്‍നടയായി മടങ്ങുന്നത്.