കല്‍പ്പറ്റ: ബാംഗ്ലൂരില്‍ നിന്നും വയനാട് വഴി കണ്ണൂരിലേക്ക് വരാന്‍ ശ്രമിച്ച ഗര്‍ഭിണിയെ അധികൃതര്‍ അതിര്‍ത്തി കടത്തിവിട്ടില്ല. 9 മാസം ഗര്‍ഭിണിയായ തലശേരി സ്വദേശിനി ഷിജിലയാണ് 6 മണിക്കൂര്‍ മുത്തങ്ങ ചെക്‌പോസ്റ്റില്‍ കാത്തുനിന്നു മടങ്ങിയത്. വഴിയില്‍ കര്‍ണാടക പോലീസും തടഞ്ഞതോടെ ഇന്നലെ രാത്രി കൊല്ലഗല്‍ എന്ന സ്ഥലത്തു കാറില്‍ കഴിയേണ്ടിവന്നു. ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് യുവതി മൈസൂരിലെ ബന്ധുവീട്ടിലേക്ക് പോയി.
ഗര്‍ഭിണികളെ അതിര്‍ത്തി കടത്തിവിടാനാവില്ലെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി ആര്‍ ഇളങ്കോ പറഞ്ഞു. കുടുംബാംഗങ്ങള്‍ മരിച്ചാലോ ഗുരുതര രോഗങ്ങള്‍ ബാധിച്ചാലോ മാത്രമേ ആളുകളെ കടത്തിവിടൂ. പൊലീസിന് ലഭിച്ചിട്ടുള്ള നിര്‍ദേശമനുസരിച്ചാണ് നിയന്ത്രണങ്ങള്‍. വരുന്ന സ്ഥലത്ത് ചികിത്സ ഇല്ലെന്ന് വ്യക്തമായാലെ അതിര്‍ത്തി കടത്തിവിടേണ്ടതുള്ളൂവെന്നും ഇളങ്കോ പറഞ്ഞു.