ആദ്യ വിമാനത്തില്‍ തന്നെ ആതിരയെത്തും, പ്രസവം നാട്ടില്‍- ടിക്കറ്റ് നല്‍കി ഷാഫി പറമ്പില്‍

ദുബൈ: നാട്ടിലേക്ക് മടങ്ങാന്‍ ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ച ഗര്‍ഭിണി, കോഴിക്കോട്ടുകാരി ആതിര ഗീത ശ്രീധരന്‍ ആദ്യ വിമാനത്തില്‍ തന്നെ കേരളത്തിലെത്തും. ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ ആതിരയെ ഇക്കാര്യം വിളിച്ചറിയിച്ചു. 27കാരിയായ ആതിര ഭര്‍ത്താവ് നിതിന്‍ ചന്ദ്രനൊപ്പം ദുബൈയിലാണ് താമസം.

ആതിരയുടെ മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ഷാഫി പറമ്പില്‍ എം.എല്‍.എയാണ് നല്‍കിയത്. സ്ത്രീകള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയതിനുള്ള ഇന്‍കാസിന്റെ സ്‌നേഹ സമ്മാനമെന്നാണ് ഷാഫി പറമ്പില്‍ ടിക്കറ്റ് നല്‍കികൊണ്ട് പറഞ്ഞത്.

സമ്മാനം സ്വീകരിച്ച ആതിരയും ഭര്‍ത്താവ് നിതിനും ടിക്കറ്റെടുക്കാന്‍ തങ്ങള്‍ക്ക് ഇപ്പോള്‍ സാമ്പത്തികമായി ബുദ്ധിമുട്ടില്ലെന്ന് വ്യക്തമാക്കി. രണ്ടു പേര്‍ക്ക് മടക്കയാത്രയ്ക്കുള്ള ടിക്കറ്റിനുള്ള പണം നല്‍കാമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്.

നേരത്തെ, ജൂലൈ ആദ്യ വാരത്തില്‍ നടക്കേണ്ട പ്രസവത്തിനായി നാട്ടിലേക്ക് മടങ്ങാനിരിക്കെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ആതിരയുടെ യാത്ര നീണ്ടത്. ആതിരയുള്‍പ്പെടെ നിരവധി പേരുടെ യാത്രയും അനിശ്ചിതത്വത്തിലായി. ഇവരുടെയെല്ലാം പ്രതിനിധിയായി ആതിരയുടെ പേരില്‍ ദുബായിലെ ഇന്‍കാസ് യൂത്ത് വിങ്ങാണ് സുപ്രീം കോടതിയെ സമീപിച്ചത്.

നാളെയാണ് ഗള്‍ഫില്‍ നിന്ന് പ്രവാസികള്‍ ഇന്ത്യയിലെത്തുന്നത്. ദുബായില്‍ നിന്നും കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ 170 പേരെയാണ് കൊണ്ടുപോവുകയെന്ന് കോണ്‍സുല്‍ ജനറല്‍ നീരജ് അഗര്‍വാള്‍ പറഞ്ഞു. അബുദാബിയില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാനത്തില്‍ 177 പേരാണ് നാട്ടിലേക്ക് പറക്കുകയെന്ന് ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി എം.ആര്‍.സജീവ് അറിയിച്ചു.