പ്രീത ഷാജിയുടെ വീട് ജപ്തി നടപടികള്‍ സംഘര്‍ഷത്തില്‍; സംഭവസ്ഥലത്ത് പ്രതിഷേധക്കാര്‍ തീകൊളുത്തി

കളമശ്ശേരി: പ്രീത ഷാജിയുടെ വീട് ജപ്തി നടപടികള്‍ സംഘര്‍ഷത്തില്‍. ഹൈക്കോടതി ഉത്തരവ് പ്രകാരം ഉദ്യോഗസ്ഥര്‍ ജപ്തി നടപടികള്‍ക്കായി പ്രീത ഷാജിയുടെ വീട്ടിലെത്തിയപ്പോള്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥരെ ജപ്തി നടപടികളില്‍ നിന്നും തടയാന്‍ നാട്ടുകാര്‍ ശ്രമിച്ചതോടെ സംഭവസ്ഥലം സംഘര്‍ഷത്തിലായി. പ്രതിഷേധത്തിനിടെ നാട്ടുകാര്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി.ഫയര്‍ഫോഴ്‌സ് സംഘമെത്തി തീയണക്കുകയായിരുന്നു. പ്രതിഷേധ ശക്തമായതോടെ പൊലീസ് രംഗത്തെത്തിയിട്ടുണ്ട്.സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി.

24 വര്‍ഷം മുമ്പ് അകന്ന ബന്ധുവിന് രണ്ട് ലക്ഷം രൂപ വായ്പക്ക് ഭര്‍ത്താവ് പ്രീതയുടെ
ഷാജി വീടും പുരയിടവും ഈട് നല്‍കിയത് മുതലാണ് എറണാകുളം മാനാത്തുപാടത്തെ പ്രീത ഷാജിയുടെ കുടുംബത്തിന്റെ ദുരിതം ആരംഭിക്കുന്നത്. ബന്ധു ലോണ്‍ തിരിച്ചടിക്കാതെ വന്നതോടെ ജാമ്യക്കാരന്റെ ഈട് ലേലത്തില്‍ വില്‍ക്കുകയായിരുന്നു ബാങ്ക്.അതേസമയം ഒന്നര ലക്ഷം രൂപ പലപ്പോഴായി തിരിച്ചടച്ചിട്ടും 2 കോടിയിലധികം വരുന്ന ഊതി വീര്‍പ്പിച്ച കണക്കുകാട്ടി ഒരറിയിപ്പുമില്ലാതെയാണ് ഇവരുടെ വസ്തു ബാങ്ക് ലേലത്തില്‍ വിറ്റതെന്ന് പ്രീത ഷാജി പറയുന്നത്. രണ്ടു കോടിയിലധികം രൂപ വിലവരുന്ന വസ്തു കേവലം 38 ലക്ഷം രൂപക്കാണ് റിയല്‍ എസ്റ്റേറ്റ് സംഘത്തിന് വിറ്റത്. സര്‍ഫാസി നിയമത്തിന്റെ മറവില്‍ കുടിയിറക്കാനുളള ഈ നീക്കത്തിനെതിരെ നിരവധി തവണ ജനകീയ സമരം നേരത്തെ നടന്നിരുന്നു.

ഒരു വര്‍ഷമായി വീടിന്റെ മുറ്റത്ത് ചിതയൊരുക്കി സമരവും 19 ദിവസം നിരാഹാര സമരവും നേരത്തെ പ്രീത നടത്തിയിരുന്നു.കുടിയൊഴിപ്പിക്കില്ലെന്ന സര്‍ക്കാര്‍ ഉറപ്പിനെത്തുടര്‍ന്നാണ് കഴിഞ്ഞ മാര്‍ച്ചില്‍ പ്രീത ഷാജി നിരാഹാര സമരം അവസാനിപ്പിച്ചത്. ലേലത്തില്‍ വസ്തു വാങ്ങിയ ആള്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ലാണ് വീട് സ്ഥലവും ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. അതേസമയം പ്രീത ഷാജി കുടുംബത്തെ കുടിയൊഴിപ്പിക്കലിനെതിരെ ജനകീയ പ്രതിഷേധവും ശക്തമാണ്.എന്ത് വിലകൊടുത്തും കുടിയൊഴിപ്പിക്കലിനെ നേരിടുമെന്ന് സര്‍ഫാസി വിരുദ്ധ സമരസമിതി നേരത്തെ അറിയിച്ചിരുന്നു.