പൗരത്വ ഭേദഗതി ബില്‍; ഇന്ന് രാജ്യസഭയിലെത്തുമ്പോള്‍ സംഭവിക്കാനുള്ള സാധ്യതകള്‍ ഇങ്ങനെ

ദേശീയ പൗരത്വ ബില്‍ ഭേദഗതി ഇന്ന് രാജ്യസഭയിലെത്തുമ്പോള്‍ ഭൂരിപക്ഷമില്ലെങ്കിലും കേന്ദ്ര സര്‍ക്കാരിന് അനുകൂലമായേക്കാവുന്ന അപകടകരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ചെറിയ പാര്‍ട്ടികളുടെ പിന്തുണ കൂടി ബി.ജെ.പിക്കു വന്നാല്‍ ബില്ല് രാജ്യസഭയും കടന്ന് നിയമമാവുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. അതേ സമയം ചെറു പാര്‍ട്ടികളെ ബില്ലിന് അനുകൂലമായ നിലപാട് എടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കോണ്‍ഗ്രസ് വലിയ തോതിലുള്ള ശ്രമം നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ശിവസേനയുമായി കോണ്‍ഗ്രസ് നേതൃത്വം സംസാരിക്കുന്നുണ്ട്.

241 അംഗങ്ങളാണ് രാജ്യസഭയിലുള്ളത്. ഇതില്‍ 121 പേരുടെ പിന്തുണ ഉറപ്പാക്കിയാല്‍ പൗരത്വ ഭേദഗതി ബില്‍ രാഷ്ട്രപതി ഭവനിലേക്ക് അയക്കാം.

എന്‍.ഡി.എക്കു മാത്രം 102 അംഗങ്ങളാണ് രാജ്യസഭയിലുള്ളത്.
അവ തരം തിരിച്ചാല്‍:
ബി.ജെ.പി- 81
ജെ.ഡി.യു-06
അകാലിദള്‍-03
മറ്റു ചെറുപാര്‍ട്ടികള്‍-12 (ആകെ 102)

എന്നാല്‍ ബില്ലിനെ എതിര്‍ക്കുന്ന യു.പി.എക്ക് രാജ്യസഭയില്‍ ആകെയുള്ളത് 63 അംഗങ്ങള്‍.
അവ തരം തിരിച്ചാല്‍:
കോണ്‍ഗ്രസ്-46
ആര്‍.ജെ.ഡി-04
എന്‍.സി.പി-04
ഡി.എം.കെ-05
ജെ.ഡി.എസ്-01
മറ്റുള്ളവര്‍-03 (ആകെ 63)

ഇനി ഇത് രണ്ടിലും പെടാത്ത ബില്ലിനെ എതിര്‍ക്കുന്ന മറ്റുള്ളവര്‍:
തൃണമൂല്‍-13
എസ്.പി-09
ഇടതു പാര്‍ട്ടികള്‍-06
ബി.എസ്.പി-04
എ.എ.പി-03
പി.ഡി.പി-02 (ആകെ 39 പേര്‍ യു.പി.എയെ അനുകൂലിക്കുന്നവര്‍)

ഇനി ബില്ലിനെ അനുകൂലിക്കുന്ന മറ്റു പാര്‍ട്ടികള്‍:
അണ്ണാ ഡി.എം.കെ-11
ബി.ജെ.ഡി-07
വൈ.എസ്.ആര്‍-02
ടി.ഡി.പി-02
മറ്റുള്ളവര്‍-05 (ആകെ 27 പേര്‍ എന്‍.ഡി.എയെ അനുകൂലിക്കുന്നവര്‍)

അതേ സമയം ശിവസേനയുടെ രാജ്യസഭയിലെ നിലപാടിന്റെ കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മൂന്ന് അംഗങ്ങളാണ് അവര്‍ക്ക് രാജ്യസഭയിലുള്ളത്.

ഇനി മൊത്തം കണക്ക് നോക്കിയാല്‍ ബില്ല് രാജ്യസഭയില്‍ പാസാവാന്‍ വേണ്ടത് 121 പേരുടെ പിന്തുണ. എന്‍.ഡി.എ സര്‍ക്കാറിന് 129 പേരുടെ പിന്തുണയാണ് നിലവിലെ കണക്കു പ്രകാരം ഉണ്ടാവുക. അതേസമയം സര്‍ക്കാരിനെതിരെ,അഥവാ യു.പി.എ സര്‍ക്കാരിനെ 102 പേരും പിന്തുണക്കും.

ബില്‍ രാജ്യസഭയിലെത്തുമ്പോള്‍ കണക്കില്‍ ബി.ജെ.പി മുന്നിലാണ്. എന്നാല്‍ നാളെ രാജ്യസഭയിലെത്തുന്ന സമയം കൊണ്ട് എത്ര പേരെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ കഴിയും എന്നതിനെ ആശ്രയിച്ചിരിക്കും കോണ്‍ഗ്രസിന്റെ വിജയം. ഇനി രാജ്യസഭയില്‍ പാസായാലും സുപ്രീംകോടതിയിലെത്തിയാല്‍ ഇത് തള്ളിപ്പോവും എന്നാണ് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

SHARE