ആരോഗ്യപ്രവര്‍ത്തകരെന്ന വ്യാജേനയെത്തിയ സംഘം പ്രവാസിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി

വര്‍ക്കല: ആരോഗ്യപ്രവര്‍ത്തകരെന്ന വ്യാജേന വീട്ടിലെത്തിയ സംഘം പ്രവാസിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു. മേല്‍വെട്ടൂര്‍ ബിസ്മില്ല ഹൗസില്‍ അമീറി(24)നാണ് മര്‍ദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മേല്‍വെട്ടൂര്‍ സാദിഖ് ഹംസ(64)യെ വര്‍ക്കല പൊലീസ് അറസ്റ്റുചെയ്തു.അബുദാബിയില്‍നിന്നു നാട്ടിലെത്തിയ അമീര്‍, ഹോം ക്വാറന്റീനില്‍ കഴിയുന്നതിനിടെ കഴിഞ്ഞ 17നായിരുന്നു ആരോഗ്യപ്രവര്‍ത്തകരാണെന്നു പരിചയപ്പെടുത്തിയ രണ്ടുപേര്‍ കാറില്‍ വീട്ടിലെത്തിയത്.

കോവിഡ് ടെസ്റ്റിന് സാമ്പിളെടുക്കണമെന്നു പറഞ്ഞ് അമീറിനെ ഇവര്‍ കാറില്‍ കയറ്റി പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോയി. എന്നാല്‍ ആശുപത്രിക്കുള്ളില്‍ പ്രവേശിച്ച സംഘം ഡോക്ടര്‍മാര്‍ ഇല്ലെന്നും രാത്രി എത്തിയാല്‍ മതിയെന്നും പറഞ്ഞു വിശ്വസിപ്പിച്ച് അമീറിനെ തിരികെ വീട്ടിലെത്തിച്ചു.

രാത്രി ടെസ്റ്റിനു പോകാന്‍ തയ്യാറായി നില്‍ക്കണമെന്നു പറഞ്ഞാണ് സംഘം മടങ്ങിയത്. രാത്രി 8.30ന് ഇവര്‍തന്നെ വീണ്ടും കാറുമായെത്തി അമീറിനെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.വര്‍ക്കല കിളിത്തട്ടുമുക്കിലെത്തിയ വാഹനം തിരിച്ച് മേല്‍വെട്ടൂര്‍ ഭാഗത്തേക്ക് അമിതവേഗത്തില്‍ പോയപ്പോള്‍ സംശയം തോന്നിയ അമീര്‍ ചോദ്യം ചെയ്തു. വെട്ടൂരില്‍ ഒരാളെ കാണാനുണ്ടെന്നു പറഞ്ഞാണ് ഹംസയുടെ വീട്ടില്‍ അമീറിനെ എത്തിച്ചത്. അവിടെവച്ച് അമീറിന്റെ കൈകാലുകള്‍ ബന്ധിച്ച ശേഷം മര്‍ദ്ദിക്കുകയായിരുന്നു. ഹംസ വിവാഹം കഴിച്ച ഒരു സ്ത്രീയുടെ മൂത്ത മകളെ അഞ്ചു വര്‍ഷം മുമ്പ് അമീര്‍ വിവാഹം കഴിക്കാന്‍ നിശ്ചയിച്ചിരുന്നതായി പോലീസ് പറഞ്ഞു.ഈ വിവാഹത്തില്‍നിന്നു പിന്മാറണമെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം.

SHARE