യു.എ.ഇയിലേക്കുള്ള പ്രവാസികളുടെ തിരിച്ചു പോക്ക്; വ്യക്തതയില്ലാതെ വിദേശകാര്യമന്ത്രാലയം

കോഴിക്കോട്: പ്രവാസികള്‍ക്ക് യു.എ.ഇയിലേക്ക് തിരിച്ചു പോകാനുള്ള പ്രത്യേക വിമാനസര്‍വീസുകളുടെ സമയപരിധി അവസാനിച്ചു. ജൂലൈ 12 മുതല്‍ 26 വരെ സര്‍വീസ് നടത്താനാണ് ഇരുരാഷ്ട്രങ്ങളും തമ്മില്‍ കരാറുണ്ടായിരുന്നത്. കരാര്‍ പുതുക്കിയിട്ടില്ലെന്നാണ് വിവരം.

എന്നാല്‍ കരാര്‍ തുടരുമെന്നാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചിട്ടുള്ളത്. എന്നാല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വൈകാതെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത കൈവരുമെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചര്‍ കോണ്‍സല്‍ പ്രസ് നീരജ് അഗര്‍വാള്‍ വ്യക്തമാക്കി. തിരിച്ചു പോക്കുമായി ബന്ധപ്പെട്ട് പ്രവാസികളുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാനും വിദേശകാര്യ മന്ത്രാലയത്തിന് ആകുന്നില്ല.

നിലവില്‍ ഇന്ത്യയില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് യു.എ.ഇിയലേക്ക് തിരിച്ചു പോകണമെങ്കില്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്ററ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (ഐ.സി.ഐ), അല്ലെങ്കില്‍ ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ (ജി.ഡി.ആര്‍.എഫ്.എ) അനുമതി വേണം. സര്‍ക്കാര്‍ അംഗീകൃത പരിശോധനാ കേന്ദ്രത്തില്‍ നിന്ന് ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. ഐ.സി.ഐ അനുമതി കിട്ടുന്നില്ലെന്ന പരാതി വ്യാപകമാണ്. ലോക്ക്ഡൗണ്‍ മൂലം അംഗീകൃത കോവിഡ് പരിശോധനാ കേന്ദ്രത്തില്‍ എത്താന്‍ ബുദ്ധിമുട്ടുകളുമുണ്ട്.

അതിനിടെ, വന്ദേഭാരത് മിഷന് കീഴില്‍ യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള അഞ്ചാം ഘട്ട വിമാന സര്‍വീസുകളുടെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. ഇന്ത്യന്‍ എംബസി കോണ്‍സുലേറ്റ് വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ടിക്കറ്റ് ബുക്കു ചെയ്യാമെന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് നാലു മുതലാണ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്.

എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വെബ്‌സൈറ്റിനു പുറമേ, അംഗീകൃത ട്രാവല്‍ ഏജന്‍സികള്‍ മുഖേനയും ടിക്കറ്റ് ബുക്കു ചെയ്യാം. ബുക്കു ചെയ്യുന്ന വേളയില്‍ പാസ്‌പോര്‍ട്ട് വിവരങ്ങളും ഫോണ്‍, ഇ-മെയില്‍ വിശദാംശങ്ങളും നിര്‍ബന്ധമാണ്.

ഓഗസ്റ്റ് ഒന്നു മുതല്‍ 15 വരെയാണ് വന്ദേഭാരത് ദൗത്യത്തിന്റെ അഞ്ചാം ഘട്ടം. ഈ ഘട്ടത്തില്‍ 105 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 34 എണ്ണം കേരളത്തിലേക്കാണ്. മൊത്തം വിമാനങ്ങളില്‍ 74 എണ്ണം ദുബൈ, ഷാര്‍ജ വിമാനത്താവളങ്ങളില്‍ നിന്നും 31 എണ്ണം അബൂദാബിയില്‍ നിന്നുമാണ്. വന്ദേഭാരത് മിഷനിലൂടെ 814,000 പ്രവാസികള്‍ രാജ്യത്ത് തിരിച്ചെത്തിയതായി ഇന്ത്യന്‍ സിവില്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.

SHARE