കോഴിക്കോട്: സര്‍ക്കാര്‍ പഞ്ചായത്ത് ഫണ്ട് ചിലവഴിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ പഞ്ചായത്തിലെ മുഴുവന്‍ പ്രവാസികളുടെയും ക്വാറന്റെയ്ന് ചിലവ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് പെരുവയല്‍ പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. പണം പിരിച്ച് വരെ നാട്ടിലേക്ക് വിമാന ടിക്കറ്റെടുത്ത് വരുന്നവരോട് സര്‍ക്കാര്‍ കാണിക്കുന്ന ക്രൂരതക്കെതിരെ കടുത്ത വിമര്‍ശനം ഇതിനകം തന്നെ ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് പ്രവാസികളുടെ കാര്യത്തില്‍ കരുതലുമായി പെരുവയല്‍ പഞ്ചായത്ത് എത്തിയിരിക്കുന്നത്.
തൊഴില്‍ നഷ്ടപ്പെട്ട് വിമാന ടിക്കറ്റിന് വരെ പണം ഇല്ലാതെ നാട്ടിലേക്ക് തിരിച്ച് വരുന്ന പ്രവാസി സഹോദരങ്ങളുടെ ക്വാറന്റെയ്ന് ചിലവ് വഹിക്കുന്നതില്‍ സന്തോഷം മാാത്രമാണുള്ളതെന്നും സര്‍ക്കാര്‍ അതിനായി പഞ്ചായത്ത് ഫണ്ട് അനുവദിക്കണമെന്നും പെരുവയല്‍ പഞ്ചായത്ത് പ്രസിഡന്റ് വൈ.വി ശാന്ത അഭ്യര്‍ത്ഥിച്ചു.
പ്രവാസികള്‍ ക്വാറന്റെയ്നില്‍ കഴിയുന്നതിനുള്ള ചിലവ് പൂര്‍ണമായും അവര്‍ തന്നെ വഹിക്കണമെന്ന് കഴിഞ്ഞ ദിവസമാണ് അറിയിച്ചിരുന്നത്. എന്നാല്‍ വിവിധ സംഘടനകളുടെ സഹായത്തോടെ നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ഇത് കനത്ത പ്രഹരമാണ് നല്‍കുക.