ദോഹ: കോവിഡ് മൂലം പ്രയാസമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നതില്‍ മുന്‍നിരയിലുണ്ടായിരുന്ന സാമൂഹിക പ്രവര്ത്തകന് ഖത്തറില്‍ കോവിഡ് സ്ഥിരീകരിച്ച് ക്വാറന്റെയ്നില്‍ കഴിയവെ മരിച്ചു. ഖത്തര്‍ ഇന്‍കാസിന്റെ തലശ്ശേരി മണ്ഡലം പ്രസിഡന്റായ കണ്ണൂര്‍ കതിരൂര്‍ സ്വദേശി അബ്ദുല്‍ റഹീം എടത്തില്‍(47)ആണ് മരിച്ചത്.
കോവിഡ് സ്ഥിരീകരിച്ച് സനയ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് ഹോട്ടല്‍ ക്വാറന്റീനിലേക്ക് മാറി. ശ്വാസതടസ്സം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ചയോടെ മരണം സംഭവിക്കുകയായിരുന്നു. കോവിഡ് രോഗികള്‍ക്ക് ഭക്ഷണവും സഹായങ്ങളുമെത്തിക്കാന്‍ ഇന്‍കാസ് നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അബ്ദുല്‍ റഹീം.
ദോഹയിലെ നിര്‍മ്മാണ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം കുടുംബത്തോടൊപ്പമാണ് ഖത്തറില്‍ കഴിഞ്ഞിരുന്നത്. മാസങ്ങള്‍ക്ക് മുമ്പാണ് കുടുംബത്തെ ഖത്തറില്‍ നിന്ന് നാട്ടിലേക്ക് അയച്ചത്. പിതാവ്: മമ്മു, മാതാവ്: ആയിശ. ഭാര്യ: റയാസ, മക്കള്‍: അബ്നര് റഹീം, അല്‍വിത റഹീം, അദിബ റഹീം.