എടപ്പാള്‍: വിദേശത്തു നിന്നെത്തിയ യുവാവിനെ വീട്ടില്‍ കയറാന്‍ അനുവദിക്കാതെ കുടുംബം. എടപ്പാള്‍ സ്വദേശിയായ യുവാവാണ് പുലര്‍ച്ചെ നാലിന് വിദേശത്തു നിന്നു വീട്ടിലെത്തിയത്. വരുന്ന വിവരം വീട്ടില്‍ അറിയിച്ചിരുന്നു. എന്നാല്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ വീട്ടിലുണ്ടായിരുന്നവര്‍ വീട്ടില്‍ കയറേണ്ടെന്നു ശാഠ്യം പിടിക്കുകയായിരുന്നു.
മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ആരോഗ്യ പ്രവര്‍ത്തകരെത്തി ഇയാളെ ക്വാറന്റീന് കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
വെള്ളം ആവശ്യപ്പെട്ടെങ്കിലും ഇതു നല്കാന് പോലും തയാറായില്ലത്രെ. തൊട്ടടുത്ത് ഒഴിഞ്ഞു കിടക്കുന്ന വീട്ടില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതും നിരസിച്ചു. ഒടുവില്‍ എടപ്പാള്‍ സിഎച്ച്സിയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍.അബ്ദുല്‍ ജലീല്‍ ഇടപെട്ട് ആംബുലന്‍സ് എത്തിച്ച് ഇയാളെ നടുവട്ടത്തെ ക്വാറന്റീന് സെന്ററിലേക്ക് മാറ്റുകയായിരുന്നു.
അതിനിടെ, സമ്പര്‍ക്കത്തിലൂടെ നാലുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച എടപ്പാളില്‍ നാല് പഞ്ചായത്തുകള്‍ കണ്ടെയ്ന്മെന്റ് സോണുകളാക്കി. പൊന്നാനി നഗരസഭയിലെ 47 വാര്‍ഡുകളും ഇതില്‍പ്പെടും. ഇവിടെ കളക്ടര്‍ കെ. ഗോപാലകൃഷ്ണന് സന്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചു.
എടപ്പാളിലെ രണ്ട് സ്വകാര്യ ആശുപത്രികളിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും മൂന്ന് നഴ്സുമാര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞദിവസം ഒരു ഭിക്ഷാടകന് രോഗംബാധിച്ചതിന്റെ ഉറവിടം വെളിപ്പെട്ടിട്ടുമില്ല. വട്ടംകുളത്തെ അഞ്ചുപേര്‍ക്ക് രോഗംബാധിച്ചതിന്റെ ഉറവിടവും വ്യക്തമല്ല. ഈ സാഹചര്യത്തിലാണ് മേഖലയില്‍ അടച്ചിടല്‍ പ്രഖ്യാപിച്ചത്.