പ്രതിഭാ എംഎല്‍എയും ഡിവൈഎഫ്‌ഐയും തമ്മില്‍ പോര് മുറുകുന്നു; കായംകുളത്ത് ഡി.വൈ.എഫ്.ഐയില്‍ കൂട്ടരാജി

ആലപ്പുഴ: കായംകുളം എം.എല്‍.എ യു. പ്രതിഭയും പ്രാദേശിക ഡിവൈഎഫ്‌ഐയും തമ്മിലുള്ള പോര് രൂക്ഷമാവുന്നു. എംഎല്‍എയോടുള്ള അതൃപ്തിയെത്തുടര്‍ന്ന്് കായംകുളത്ത് ഡിവൈഎഫ്‌ഐയില്‍ കൂട്ടരാജി. 21 അംഗങ്ങളുള്ള ബ്ലോക്ക് കമ്മിറ്റിയില്‍ 19 പേരും രാജി വെച്ചതായാണ് റിപ്പോര്‍ട്ട്.

അടുത്തിടെ ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് സാജിദിന്റെ വീട്ടിലേക്ക് കായംകുളം സിഐ തോക്കുമായി എത്തി പരിശോധന നടത്തിയതില്‍ ഡിവൈഎഫ്‌ഐ നേതാക്കളില്‍ കടുത്ത പ്രതിഷേധം നിലനില്‍ക്കുന്നുണ്ടായിരുന്നു. സിഐ എത്തി പരിശോധന നടത്തിയ ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് സാജിദ് ഒരു വധശ്രമക്കേസില്‍ പ്രതിയാണെന്നും, അറസ്റ്റ് ചെയ്യാനാണ് എത്തിയതെന്നുമാണ് സിഐയുടെ വിശദീകരണം. എന്നാല്‍ സിഐയെക്കൊണ്ട് എംഎല്‍എ ഇവരെ അറസ്റ്റ് ചെയ്യിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളുടെ പ്രത്യാരോപണം. ഈ സിഐയെ പിന്തുണയ്ക്കുന്നത് എംഎല്‍എ ആണെന്നാണ് ഡിവൈഎഫ്‌ഐ നേതാക്കളുടെ പരാതി. ഈ സാഹചര്യത്തിലാണ് കൂട്ടത്തോടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രാജിവയ്ക്കുന്നത്.

രാജിക്കത്തില്‍ എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറിയുടെ പേര് പരാമര്‍ശിച്ചും വിമര്‍ശനമുണ്ട്. ഓഫീസ് സെക്രട്ടറി വിദ്യാസാഗര്‍ കഴിഞ്ഞദിവസം കായംകുളം നഗരസഭയുടെ സമൂഹഅടുക്കളയില്‍ വെച്ച് എന്ത് വില കൊടുത്തും സാജിദിനെ സി.ഐ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞുവെന്നാണ് കത്തിലെ ആരോപണം. സി.ഐയ്‌ക്കെതിരെ നടപടി സ്വീകരിക്കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലെന്നും രാജിക്കത്തില്‍ വിമര്‍ശനമുണ്ട്. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ എം.എല്‍.എയെ കാണാനില്ലെന്ന വിധത്തില്‍ ചില ഡി.വൈ.എഫ്.ഐ നേതാക്കള്‍ പ്രചരണം നടത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രതിഭ എം.എല്‍.എ മോശം പരാമര്‍ശങ്ങള്‍ നടത്തിയത് വിവാദമായിരുന്നു.

SHARE