ആംആദ്മിയുടെ വിജയം; ഇന്ത്യയുടെ ആത്മാവിനെ കാത്തതിന് ഡല്‍ഹിക്ക് നന്ദിയെന്ന് പ്രശാന്ത് കിഷോര്‍

ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന സാഹചര്യത്തില്‍ പ്രതികരണവുമായി മുന്‍ ജെഡിയു നേതാവും തെരഞ്ഞെടുപ്പ് വിദഗ്ധനുമായ പ്രശാന്ത് കിഷോര്‍ രംഗത്ത്. ഇന്ത്യയുടെ ആത്മാവിനെ കാത്തതിന് ഡല്‍ഹിക്ക് നന്ദിയുണ്ടെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രശാന്ത് കിഷോറിന്റെ പ്രതികരണം.

‘നന്ദി, രാജ്യത്തിന്റെ ആത്മാവിനെ സംരക്ഷിച്ചതിന്’പ്രശാന്ത് കിഷോര്‍ പറഞ്ഞു. ഡല്‍ഹി തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ജെഡിയുവില്‍ നിന്ന് പ്രശാന്ത് കിഷോര്‍ പുറത്തുപോകുന്നത്. പൗരത്വനിയമത്തെ അനുകൂലിച്ച ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു പുറത്തുപോരല്‍.

അതേസമയം, എഎപിയെ അഭിനന്ദിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത് വന്നു. ജനങ്ങള്‍ ബി.ജെ.പിയെ തള്ളിയിരിക്കുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ മാത്രമേ ജനങ്ങള്‍ ഏറ്റെടുക്കൂ. അത് മാത്രമേ വിജയിക്കൂ. സിഎഎയും എന്‍ആര്‍സിയും ജനം ഏറ്റെടുക്കില്ലെന്നും മമത പറഞ്ഞു.