ഡല്‍ഹി വിജയം: കെജ്‌രിവാളിന് പ്രശാന്ത് കിഷോര്‍ നല്‍കിയ ആ ഒരൊറ്റ തന്ത്രം ഇതാണ്…

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ വിജയം നേടി മൂന്നാം തവണയും മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യാനൊരുങ്ങുകയാണ് അരവിന്ദ് കെജ്‌രിവാള്‍. ഏറെ ശക്താമായ രാഷ്ട്രീയപോരാട്ടത്തിനൊടുവിലാണ് കെജ്‌രിവാള്‍ വിജയകാഹളം മുഴക്കുന്നത്. ഈ സമയത്താണ് കെജ് രിവാളിന് രാഷ്ട്രീയ തന്ത്രങ്ങള്‍ മെനഞ്ഞുനല്‍കിയ രാഷ്ട്രീയ വിദഗ്ധന്‍ പ്രശാന്ത് കിഷോറും ചര്‍ച്ചയാവുന്നത്. വിജയിക്കാനായി അരവിന്ദ് കെജ്രിവാളിന് പ്രശാന്ത് കിഷോര്‍ നല്‍കിയത് ഒരോയൊരു ഉപദേശം മാത്രമായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിക്കൊടുത്തതിന് പിന്നാലെയാണ് പ്രശാന്ത് കിഷോര്‍ അരവിന്ദ് കെജ്രിവാളിന് നല്‍കിയ ഉപദേശമെന്താണെന്ന് അറിയാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചത്. നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍ ഒഴിവാക്കി ഒരു വികസന പുരുഷനായി സ്വയം മാറുക എന്നതായിരുന്നു കെജ്‌രിവാളിന് പ്രശാന്ത് നല്‍കിയ ഉപദേശമെന്നാണ് വിവരം.

ഡല്‍ഹി തെരഞ്ഞെടുപ്പില്‍ എഎപിയുടെ പ്രചാരണതന്ത്രങ്ങള്‍ക്ക് രൂപംകൊടുത്തത് പ്രശാന്ത് കിഷോര്‍ നേതൃത്വംനല്‍കുന്ന സന്നദ്ധസംഘടനയായ ഐപാകാണ്. അഞ്ചുമാസമായി ഡല്‍ഹിയില്‍ ക്യാമ്പുചെയ്താണ് ഐപാക് ടീം പ്രചാരണപ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചത്. നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍ ഒഴിവാക്കി ഒരു വികസന പുരുഷനായി സ്വയം മാറുക എന്നതായിരുന്നു കെജ്‌രിവാളിന് അദ്ദേഹം നല്‍കിയ ഉപദേശം. കെജ്‌രിവാള്‍ അത് അക്ഷാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തു. കെജ്‌രിവാളിന്റെ ആഗ്രഹം പൂര്‍ത്തീകരിച്ചു നല്‍കിയ കിഷോറിന് ഇനി രണ്ട് പ്രധാനപ്പെട്ട പദ്ധതികളാണ് മുന്നിലുള്ളത്.

പശ്ചിമ ബംഗാളില്‍ വീണ്ടും മമതാ ബാനര്‍ജിയെയും തമിഴ്‌നാട്ടില്‍ എംകെ സ്റ്റാലിനെയും അധികാരത്തിലെത്തിക്കുക എന്നതാണവ. ബിജെപി കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന മമതാ ബാനര്‍ജിക്കായി കഠിന പ്രയത്‌നം തന്നെ കിഷോറിന് നടത്തേണ്ടിവരും. അടുത്ത വര്‍ഷമാണ് ബംഗാളിലും തമിഴ്‌നാട്ടിലും തെരഞ്ഞെടുപ്പ്.

അതേസമയം, മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഇത് മൂന്നാംതവണയാണ് കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരത്തിലേറുന്നത്. രാംലീല മൈതാനിയിലായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ ഉണ്ടായിരിക്കും.

അതിഷി മര്‍ലേന, രാഘവ് ചന്ദ ഉള്‍പ്പടെ യുവമുഖങ്ങള്‍ ഇത്തവണ മന്ത്രിസഭയിലെത്തും. മനീഷ് സിസോദിയ, ഗോപാല്‍ റായ്, സോംനാഥ് ഭാരതി, തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്ക് പ്രധാന വകുപ്പുകള്‍ ലഭിക്കും.

കഴിഞ്ഞ തവണ 67 സീറ്റില്‍ വിജയിച്ച ആം ആദ്മി പാര്‍ട്ടി ഇക്കുറി 62 സീറ്റ് നേടിയാണ് അധികാരം നിലനിര്‍ത്തിയത്. ബിജെപി കഴിഞ്ഞ തവണത്തെ മൂന്ന് സീറ്റില്‍ നിന്ന് എട്ട് സീറ്റിലേക്ക് ഉയര്‍ന്നു.

അതേസമയം, തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ ആം ആദ്മി എംഎല്‍എ നരേഷ് യാദവിന് നേരെ വധശ്രമം ഉണ്ടായി. അക്രമത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അക്രമികളുടെ ലക്ഷ്യം എംഎല്‍എ അല്ലെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്.സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്.

SHARE